
ഹൈദരാബാദ്: സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ച സംഭവത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. തെലങ്കാന രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാറി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം.
വിമാനക്കമ്പനിക്കായി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് 37-കാരിയായ കാബിൻക്രൂ അംഗം പീഡനത്തിനിരയായത്. ഉച്ചയ്ക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വാഹനമോടിച്ചിരുന്ന പ്രശാന്ത് കുമാർ തെറ്റായ റൂട്ടിലൂടെ സഞ്ചരിക്കുകയും വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തുകയുമായിരുന്നു. ഇത് ചോദ്യംചെയ്തപ്പോൾ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പ്രതി കാറിൽനിന്ന് പുറത്തിറങ്ങി. എന്നാൽ, രണ്ട് മൂന്ന് മിനിറ്റിനുള്ളിൽ തിരിച്ചെത്തിയ പ്രതി കാറിന്റെ പിറകിലെ ഡോർ തുറന്ന് അകത്തുകയറുകയും പിൻസീറ്റിൽ ഇരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.
പീഡനം ചെറുക്കാൻ ശ്രമിച്ച യുവതി പിന്നീട് പ്രതിയെ തള്ളിമാറ്റിയാണ് കാറിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് റോഡിലിറങ്ങി സഹായംതേടി ബഹളംവെയ്ക്കുകയുംചെയ്തു. ഇതിനിടെ പ്രതി കാറുമായി കടന്നുകളഞ്ഞു. പിന്നീട് യുവതി വിമാനത്താവളത്തിലെത്തി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഊർജിതമായ അന്വേഷണം നടത്തിയാണ് പിറ്റേദിവസം തന്നെ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.
അതിനിടെ, വാടകയ്ക്ക് സർവീസ് നടത്തുന്ന ടാക്സികളിലെ സുരക്ഷ സംബന്ധിച്ച് പുനഃപരിശോധന നടത്തണമെന്ന് പൊലീസ് വിമാനക്കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജീവനക്കാരിക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും സ്വകാര്യ വിമാനക്കമ്പനിയും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam