200 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസ്; മുഖ്യ പ്രതി പിടിയില്‍

By Web TeamFirst Published Oct 7, 2019, 11:26 PM IST
Highlights

 മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച എംഡിഎംഎ മയക്കുമരുന്ന് കഴിഞ്ഞ സെപ്തംബർ 29ന് ആണ് എക്സൈസ് സംഘം പിടികൂടിയത്. 

കൊച്ചി: പാഴ്‍സല്‍ സര്‍വ്വീസ് വഴി കൊച്ചിയിൽ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അലി പിടിയിൽ. മലേഷ്യയിൽ നിന്ന് തിരിച്ചു വരവെ, ട്രിച്ചി വിമാനത്താവളത്തിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച എംഡിഎംഎ മയക്കുമരുന്ന് കഴിഞ്ഞ സെപ്തംബർ 29ന് ആണ് എക്സൈസ് സംഘം പിടികൂടിയത്. 

ഉടമകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് സംശയം തോന്നി പാഴ്സൽ കമ്പനി ഉടമകള്‍ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച കണ്ണൂർ സ്വദേശി പ്രശാന്തിനെ അന്ന് തന്നെ പിടികൂടി. എന്നാല്‍ മുഖ്യപ്രതി അലി വിദേശത്ത് കടന്നു. എക്സൈസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. തുടര്‍ന്ന് മലേഷ്യയില്‍ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അലിയെ കസ്റ്റഡിയിലെടുത്ത് എക്സൈസിന് കൈമാറുകയായിരുന്നു 

ട്രിച്ചിയില്‍ പിടികൂടുമ്പോള്‍ ഇയാളുടെ കൈയില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടി. ശിവഗംഗ സ്വദേശിയായ അലി തമിഴ്‍നാട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കൊച്ചിയിലേത്. 200 കോടി രൂപ എംഡിഎംഎ എന്ന ലഹരി മരുന്നാണ് അന്ന് പിടികൂടിയത്.

click me!