മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്‌തു

By Web TeamFirst Published Oct 7, 2019, 10:25 PM IST
Highlights

ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷൻ സെക്രട്ടറി ആർ സവർക്കറുടെ പരാതിയിലാണ് അറസ്റ്റ്

ജയനെതിരെ ബിജെപി കന്യാകുമാരി ജില്ലാ ജനറൽ സെക്രട്ടറി എസ്‌സി സാജുവും പരാതി നൽകിയിരുന്നു

കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പോസ്റ്റിൽ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷൻ പരിധിയിലെ പഡന്തൽമൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനാണ് അറസ്റ്റിലായത്.

ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷൻ സെക്രട്ടറി ആർ സവർക്കറുടെ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുത്വത്തെയും ഹിന്ദു ഈശ്വര സങ്കൽപ്പങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു.

ജയനെതിരെ ബിജെപി കന്യാകുമാരി ജില്ലാ ജനറൽ സെക്രട്ടറി എസ്‌സി സാജുവും പരാതി നൽകിയിരുന്നു.  ട്രിച്ചിയിലെ ലളിതാ ജ്വല്ലറി മോഷണക്കേസ് പ്രതി മണികണ്ഠൻ ബിജെപി പ്രവർത്തകനാണെന്ന വ്യാജപ്രചാരണം നടത്തിയെന്നാണ് ഈ പരാതിയിൽ കുറ്റപ്പെടുത്തുന്നു. 

കോടതിയിൽ ഹാജരാക്കിയ ജയനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് നടപടി പക്ഷപാതപരമാണെന്നും സിപിഎം കുറ്റപ്പെടുത്തി. സർക്കാരിനെയോ ഭരിക്കുന്ന പാർട്ടിയെയോ വിമർശിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുന്നത് സ്ഥിരമായി നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജ് കുറ്റപ്പെടുത്തി.
 

click me!