ആലുവ സ്വർണക്കവർച്ച: സംസ്‌ഥാനം വിട്ട അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

By Web TeamFirst Published May 24, 2019, 11:29 AM IST
Highlights

കവർച്ചക്ക് തലേ ദിവസം സംഘം കവർച്ച നടത്തേണ്ട വിധം റിഹേഴ്സൽ നടത്തിയിരുന്നെന്നും വിവരം
 

കൊച്ചി: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി ആലുവ റൂറൽ എസ് പി. സംസ്‌ഥാനം വിട്ട പ്രതികൾക്കായി അന്വേഷണം തുടരുന്നു. കവർച്ചക്ക് തലേ ദിവസം സംഘം കവർച്ച നടത്തേണ്ട വിധം റിഹേഴ്സൽ നടത്തിയിരുന്നു. 

കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയായ ഒരാളെയാണ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. 

മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവർച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. 

മോഷണം നടന്ന ദിവസം രാത്രി സ്വർണശുദ്ധീകരണ ശാലയ്ക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച കവർച്ചാ സംഘത്തോട് പ്രദേശവാസികള്‍ കാര്യമെന്തെന്നന്വേഷിച്ചിരുന്നു. ഫാക്ടറിയില്‍ പ്രവർത്തിക്കുന്ന ഒരു ജീവനക്കാരനെ കാണാന്‍ വന്നതാണെന്നായിരുന്നു കവർച്ചാ സംഘത്തിന്‍റെ മറുപടിയെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് നിഗമനത്തിലാണ് ഇതോടെ പൊലീസ് എത്തിയത്. 

സംഭവത്തില്‍ കമ്പനി ജീവനക്കാര്‍ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റ‌ർ ചെയ്ത കവർച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.  സ്വർണവുമായി ബൈക്കിൽ കടന്ന രണ്ടുപേരെ തിരിച്ചറിയാൻ സ്വർണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്ന ആൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

            


 

click me!