
ആല്‍വാര്‍: ബലാത്സംഗം, മര്‍ദ്ദനം, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തല്‍....തനിക്ക് നേരിട്ട ദുരനുഭവങ്ങളുടെ ഞെട്ടലില്‍ നിന്ന് ആല്‍വാറിലെ ദളിത് യുവതി ഇനിയും മോചിതയായിട്ടില്ല. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോഴായിരുന്നു അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അവളെ ബലാത്സംഗം ചെയ്‌തത്.
"അവരെന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, മര്‍ദ്ദിച്ചു, വസ്‌ത്രങ്ങള്‍ വലിച്ചുകീറി. ഞാന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്തോറും അവരെന്റെ ഭര്‍ത്താവിനെ കൂടുതല്‍ കൂടുതല്‍ ഉപദ്രവിച്ചു. അവര്‍ക്ക് വധശിക്ഷ തന്നെ ലഭിക്കണം."യുവതി പറഞ്ഞു. ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമാണ് കണ്‍മുന്നിലിട്ട് അഞ്ചംഗസംഘം യുവതിയെ ബലാത്സംഗം ചെയ്‌തത്.
കടയില്‍ പോകാനിറങ്ങിയ ദമ്പതികളെ രണ്ട് ബെക്കുകളിലായി എത്തിയ സംഘം വഴിയില്‍ തടയുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ചായിരുന്നു സംഭവം. സംഘാംഗങ്ങളിലൊരാള്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‌കിക്കൊണ്ടിരുന്നതായും അയാളാണ് സംഘത്തലവന്‍ എന്ന് വിചാരിക്കുന്നെന്നും യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്‌കി.
ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ദമ്പതികളെ അവര്‍ മോചിപ്പിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്‌തു.
സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം ദമ്പതികള്‍ പുറത്തുപറയുന്നത്. ആകെ ഭയന്ന് സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഇരുവരും എന്നും യുവതിയുടെ ഭര്‍ത്തൃസഹോദരന്‍ പറഞ്ഞു. ഏപ്രില്‍ 26ന് വൈകുന്നേരമാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷം ആല്‍വാര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാന്‍ വീണ്ടും ദിവസങ്ങള്‍ വൈകി. തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും പൊലീസ് സൂപ്രണ്ടിനെയും ആല്‍വാര്‍ സബ് ഇന്‍സ്‌പെക്ടറെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam