ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം, കൊടുംകുറ്റവാളി രാജേന്ദ്രൻ ജോലിക്ക് നിന്നത് ചായക്കടയിൽ!

Published : Feb 12, 2022, 02:23 PM IST
ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം, കൊടുംകുറ്റവാളി രാജേന്ദ്രൻ ജോലിക്ക് നിന്നത് ചായക്കടയിൽ!

Synopsis

അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനിതയുടെ കഴുത്ത് കീറി മാല മോഷ്ടിച്ച് കടന്ന പ്രതി രാജേന്ദ്രൻ ചില്ലറക്കാരനല്ല! വിനിത രാജേന്ദ്രന്‍റെ അഞ്ചാമത്തെ ഇരയാണ്. മോഷ്ടിച്ച് കിട്ടുന്ന പണം ഇയാൾ നിക്ഷേപിച്ചിരുന്നത് ഓൺലൈൻ ട്രേഡിംഗിലാണ്. 

തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ചില്ലറക്കാരനല്ലെന്ന് കണ്ടെത്തിയ പൊലീസ് ഇയാളുടെ വിദ്യാഭ്യാസയോഗ്യതകളടക്കം കണ്ട് അമ്പരക്കുകയാണ്. കൊടുംകുറ്റവാളിയാണ് രാജേന്ദ്രൻ എന്ന് നേരത്തേ തന്നെ തെളിഞ്ഞതാണ്. 2014-ൽ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയ രാജേന്ദ്രൻ, സ്വർണത്തിനായി വേറെ ഒരു കൊലപാതകവും നടത്തിയിട്ടുണ്ട്. എന്നാൽ ഇയാളുടെ പശ്ചാത്തലം അന്വേഷിച്ച് പോയ പൊലീസിന് വ്യക്തമായത് ഇയാൾ എംഎ എക്കണോമിക്സ് ബിരുദധാരിയാണെന്നാണ്. അതിന് ശേഷം ഓൺലൈനായും വിദൂരവിദ്യാഭ്യാസകോഴ്സ് വഴിയും എംബിഎ ബിരുദവും നേടി. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിംഗ് നടത്താറുണ്ടെന്നും വ്യക്തമായി. 

അമ്പലമുക്കിൽ ജോലിക്ക് നിന്നിരുന്ന കടയിൽ വച്ച് വിനിതയെ കൊന്ന് മോഷ്ടിച്ച സ്വ‍ർണമാല വിറ്റ് രാജേന്ദ്രൻ ഈ തുക നിക്ഷേപിച്ചതും ഓൺലൈൻ ട്രേഡിംഗിലാണ്. മാല കന്യാകുമാരിയിൽ പോയി പണയം വച്ച് കിട്ടിയത് മുപ്പത്തിരണ്ടായിരം രൂപയാണ്. അതും ഓൺലൈൻ ട്രേഡിംഗിന് ഉപയോഗിച്ചു. ഇത്രയും വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രൻ എന്തിനാണ് പേരൂർക്കടയിലെ ചായക്കടയിൽ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല. ചോദ്യങ്ങൾക്ക് രാജേന്ദ്രൻ കൃത്യം മറുപടി നൽകുന്നുമില്ല. 

ആദ്യമൊന്നും തമിഴ്നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രൻ പൊലീസിനോട് വെളിപ്പെടുത്തൽ നടത്തി. തമിഴ്നാട് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പൊലീസിന് ലഭിച്ചു. 

ഒരു കുടുംബത്തെ കൊന്നത് സ്വർണത്തിന്!

വെറും ഒരു സ്വർണമാലയ്ക്ക് വേണ്ടിയാണ് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏക ആശ്രയമായിരുന്ന വിനിതയെ രാജേന്ദ്രനെന്ന കൊടുംകുറ്റവാളി കൊലപ്പെടുത്തിയത്. മോഷണത്തിന് വേണ്ടി 2014-ൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് രാജേന്ദ്രൻ കൊന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി , മകൾ അബി ശ്രീ എന്നിവരെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേരളാ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

സ്വർണം മോഷ്ടിക്കാൻ രാജേന്ദ്രൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതേ വരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണത്തോട് രാജേന്ദ്രൻ കാര്യമായി ഇപ്പോഴും സഹകരിക്കുന്നില്ല. വിനിതയെ കൊലപ്പെടുത്തിയ ശേഷം മുട്ടടയിലെത്തി രാജേന്ദ്രൻ വസ്ത്രം മാറ്റിയിട്ടുണ്ട്. രക്തം പുരണ്ട ഷർട്ടും കത്തിയും കുളത്തിൽ ഉപേക്ഷിച്ച് മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് രക്ഷപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. 

തമിഴ്നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബറിൽ പേരൂർക്കടയിലെത്തിയെന്നാണ് പറയുന്നത്. പക്ഷെ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. തനിച്ച് കുറ്റകൃത്യം ചെയ്ത് കറങ്ങി നടക്കുന്ന രാജേന്ദ്രന് ഇനിയും കൂടുതൽ കേസുകളിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇപ്പോഴും കന്യാകുമാരിയിലെ പല ഇടങ്ങളിലായി രാജേന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. 

വിനിതയെ കൊലപ്പെടുത്തിയതെങ്ങനെ?

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയാണ് രാജേന്ദ്രൻ മോഷണത്തിനായി തെരഞ്ഞെടുത്തത്. സ്ത്രീകളുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ചായക്കടയിലെ ജോലിക്കു ശേഷം ഇയാൾ ഇറങ്ങിയത്. അമ്പലമുക്കിൽ വച്ച് ആദ്യം തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീയെ ലക്ഷമിട്ടു. 

തൊട്ടടുത്ത് മറ്റ് ആളുകളെ കണ്ടപ്പോള്‍ ചെടിക്കടയുള്ള റോഡിലേക്ക് നീങ്ങി. കടക്കുള്ളിൽ കയറി രാജേന്ദ്രൻ ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനിത ബഹളം വയ്ക്കാൻ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തിക്കൊന്നു.

വിനിത പിടയുമ്പോൾ അഞ്ചു മിനിറ്റ് കടയുടെ പടിയിലുന്ന രാജേന്ദ്രൻ അവരുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സ്വർണമാലയുമായി കടന്നത്. പ്രതിയെ ആരും കണ്ടിരുന്നില്ല. സ്ത്രീയുടെ നിലവിളി പോലും ആരും കേട്ടില്ല. 

തൊട്ടടുത്ത വീട്ടിലെ സിസിടിവി പ്രവ‍ർത്തനക്ഷമമായിരുന്നില്ല. ഒരു തുമ്പുമില്ലാതെ ആദ്യത്തെ മൂന്നു ദിവസം പൊലീസ് നന്നായി അലഞ്ഞു. ആകെ പിടിവള്ളിയായത് സമീപത്തെ ഒരു സിസിടിവിയിൽ പതിഞ്ഞ ഒരു യുവാവിന്‍റെ ദൃശ്യമാണ്. ഞായറാഴ്ച 11.30-ന് ശേഷം തലയിൽ സ്കാർഫ് ധരിച്ച ഒരാള്‍ ഓട്ടോയിൽ കയറി പോകുന്നത് പൊലീസ് ശ്രദ്ധിച്ചു. 

മെഡിക്കൽ കോളജിലേക്കെന്ന് പറഞ്ഞ് വാഹനത്തിൽ കയറി ഇയാള്‍ മുട്ടടയിൽ ഇറങ്ങിയതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി. പൊലീസിന് സംശയം തോന്നി. വീണ്ടും സിസിടിവികള്‍ പരിശോധിച്ചു. ഇതേ വ്യക്തി ഒരു ആക്ടീവ സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ദൃശ്യങ്ങളും രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. 

പൊലീസിന് വീണ്ടും ഒരു വിവരം ലഭിച്ചു. അപരിചിതൻ ഉള്ളൂരിലിറങ്ങിയതായി സ്കൂട്ടർ ഉടമ പൊലീസിനോട് പറഞ്ഞു. പിന്നെയും പൊലീസ് തുമ്പ് കിട്ടാതെ വലഞ്ഞു. ഉള്ളൂരിൽ നിന്നും ഇയാൾ പേരൂർക്കടയിലേക്ക് പോയതായി മറ്റൊരു ഓട്ടോ ഡ്രൈവർ വിവരം നൽകി. പേരൂർ‍ക്കട കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന ദിവസം രാവിലെ രാജേന്ദ്രൻ ആശുപത്രിക്കു സമീപത്ത് നിന്നും അമ്പലമുക്കിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. അങ്ങനെ അന്വേഷണം പേരൂർക്കട പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലെത്തുകയായിരുന്നു. 

ഈ ചായക്കടയിലെ ഒരു ജീവനക്കാരൻ ചൊവ്വാഴ്ച കൈക്ക് ഏറ്റ പരിക്കിന് ചികിത്സ തേടിയെന്ന് പൊലീസിന് ആശുപത്രിയിൽ നിന്നും മനസ്സിലായി. അടുക്കള ജോലിക്കിടെ കൈയ്ക്ക് പരിക്കേറ്റ രാജേഷെന്ന തൊഴിലാളി നാട്ടിലേക്ക് പോയെന്നായിരുന്നു കടയിലുള്ളവരുടെ മൊഴി.

കടയിലുണ്ടായിരുന്ന രാജേഷെന്ന രാജേന്ദ്രന്‍റെ ആധാർകാ‍ർഡിലെ ചിത്രങ്ങളും സിസിടിവിയുമായി ഒത്തുനോക്കിയ പൊലീസ് ഏതാണ്ട് പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിച്ചു. ഷാഡോ സംഘം അന്ന് രാത്രി തന്നെ തമിഴ്നാട്ടിലേക്ക് പോയി. രാജേന്ദ്രൻ താമസിക്കുന്ന കാവൽ കിണറിലെ സ്ഥലം കണ്ടെത്തി. പുല‍ർച്ചയോടെ പ്രതിയെ പോലീസ് തലസ്ഥാനത്ത് എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലെടുത്തത് കൊടുംക്രിമിനലാണെന്ന് പൊലീസിന് വ്യക്തമായത്. തീർത്തും ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊടുംകുറ്റവാളിയെ പൊലീസ് കുരുക്കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്