അമ്പൂരി കൊല: രണ്ടാംപ്രതി രാഹുൽ അറസ്റ്റിൽ, കാറിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നെന്ന് മൊഴി

By Web TeamFirst Published Jul 27, 2019, 1:48 PM IST
Highlights

രാഹുൽ കീഴടങ്ങിയെന്ന് അച്ഛൻ മണിയൻ ഇന്നലെത്തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒന്നാം പ്രതിയും സൈനികനുമായ അഖിലിന്‍റെ സഹോദരനാണ് രാഹുൽ. 

തിരുവനന്തപുരം: അമ്പൂരിയിൽ രാഖി എന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ. പൂവാർ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികൻ അഖിലിന്‍റെ സഹോദരനാണ് രാഹുൽ. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രാഹുൽ കീഴടങ്ങിയെന്ന് അച്ഛൻ മണിയൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

താൻ രാഖിയെ കൊന്നിട്ടില്ല എന്ന് തന്നെയാണ് അഖിൽ പറയുന്നതെന്നാണ് അച്ഛൻ മണിയൻ പറയുന്നത്. എന്നാൽ അറസ്റ്റിലായ രാഹുൽ കുറ്റം സമ്മതിച്ചുകൊണ്ടാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കാറിൽ വച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. മരിച്ചെന്നുറപ്പായപ്പോൾ പറമ്പിൽ കുഴിച്ചുമൂടിയെന്നും രാഹുൽ പൊലീസിനോട് സമ്മതിച്ചു.

അഖിലിനെ കണ്ടെത്താൻ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്‍റെയും രാഹുലിന്‍റെയും അച്ഛൻ മണിയൻ രംഗത്തെത്തി.  മകൻ നിരപരാധിയാണെന്നും മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.

Read More: അമ്പൂരി കൊലപാതകം; അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ

ഇതിനിടെ കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛൻ പറയുന്നത്.

രാഖിയും അഖിലും ഫ്രെബുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരൻമാരുടെ അയൽക്കാരനുമായ ആദർശിന്‍റെ റിമാൻഡ് റിപ്പോ‍ർട്ടിൽ, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാഖിയുടെ മൃതദേഹത്തിൽ നിന്നും താലിയും കണ്ടെത്തി.

ഈ വിവരമടക്കം നേരത്തേ അഖിലിന്‍റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും  കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.  

Read More: അമ്പൂരി കൊലപാതകം: അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കെന്ന് രാഖിയുടെ അച്ഛൻ

കഴിഞ്ഞ മാസം 21-ന് വൈകുന്നേരം രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊച്ചിയിൽ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ അഖിൽ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിൽ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസ് നിഗമനം. ദൃശ്യങ്ങള്‍ രാഖിയുടേതാണെന്ന് അച്ഛൻ രാജൻ തിരിച്ചറിഞ്ഞു.

പൊലീസിനെയും രാഖിയുടെ വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ പ്രതികളായ അഖിലും സഹോദരൻ രാഹുലും ചേർന്ന് കൃത്രിമ തെളിവുകളുണ്ടാക്കിയെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട രാഖിയുടെ സിംകാ‍ർഡ് മറ്റൊരു ഫോണിലിട്ട് അഖിലിന്‍റെ ഫോണിലേക്ക് ഒരു സന്ദേശമയച്ചു. ചെന്നൈയിലുള്ള ഒരു സുഹൃത്തുമായി അടുപ്പത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ നാടുവിടുകയാണെന്നുമാണ് സന്ദേശം.

അടുത്ത ദിവസം രാഖിയുടെ സിംകാ‍ർഡ് ഉപയോഗിച്ച് ശാസ്തമംഗലത്തുനിന്നും രാഹുൽ അഖിലിനെ വിളിച്ചു. തൊട്ടുപിന്നാലെ രാഖിയുടെ ബന്ധുവിനെ വിളിച്ചുവെങ്കിലും സംസാരിച്ചില്ല. രാഖി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കം. മൊബൈൽ ഫോണ്‍ വാങ്ങിയ കടയിലേക്ക് പൊലീസ് എത്തിയതിന് പിന്നാലെ പ്രതികള്‍ ഒളിവിൽപോയി.

പ്രതികള്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മൊബൈൽ ഫോണ്‍ വീട്ടുവളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്. തൃപ്പരപ്പിലുള്ള ഒരു സുഹൃത്തിന്‍റെ കാറിലാണ് നെയ്യാറ്റിൻകരയിൽ നിന്നും അഖിൽ യുവതിയെ നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയപ്പോള്‍ കാറിനുള്ളിൽ സഹോദരൻ രാഹുലും കയറി. മറ്റൊരു വിവാഹം അനുവദിക്കില്ലെന്ന് രാഖി പറഞ്ഞതോടെ കാറിനുള്ളിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നു. പ്രതികള്‍ ചേർന്ന് കാർ ഒന്നിലധികം പ്രാവശ്യം കഴുകുന്നത് നാട്ടുകാർ കണ്ടു.

കൊലപാതകത്തിന് ശേഷം രാഹുലാണ് വാഹനം അഖിലിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ എത്തിച്ചത്. ബാങ്ക് മാനേജറെ വീട്ടിലേക്ക് കൊണ്ടുവരാനെന്ന് പറഞ്ഞാണ് കാർ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നത്. പക്ഷെ കാർ തിരിച്ചറി‍ഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറൻസിക് പരിശോധനക്കോ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങള്‍ മാറ്റിയ ശേഷമാണ് കുഴിച്ചിട്ടത്. എവിടെയാണ് ഇത് കുഴിച്ചിട്ടതെന്ന കാര്യത്തിൽ എല്ലാ പ്രതികളെയും കിട്ടിയ ശേഷമേ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. 

click me!