തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ പ്രതിയായ പട്ടാളക്കാരൻ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.

അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ പൊലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന അച്ഛന്‍റെ വെളിപ്പെടുത്തൽ. മകൻ നിരപരാധിയാണെന്നും മണിയൻ പറഞ്ഞു.

നേരത്തെ അഖിലിന്‍റെ സഹോദരൻ രാഹുൽ കീഴടങ്ങിയെന്ന് മണിയൻ പറഞ്ഞെങ്കിലും പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവർ സംശയത്തിന്‍റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഖിലും രാഖിയും സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറൻസിക് പരിശോധനക്കോ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങള്‍ മാറ്റിയ ശേഷമാണ് കുഴിച്ചിട്ടത്. പ്രതികളെ കിട്ടിയാൽ മാത്രമേ വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിക്കൂ. എന്നാൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം നിയമാനുസൃതമായേ തെളിവെടുപ്പ് സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകൾ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി.