അമ്പൂരി കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ ഉപ്പിട്ട് ശരീരം കുഴിച്ചിട്ടു, മുകളില്‍ കമുകിന്‍റെ തൈകൾ നട്ടു

By Web TeamFirst Published Jul 25, 2019, 7:21 AM IST
Highlights

അഖിൽ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതാണ് പ്രശ്നം വഷളാക്കിയത്.ഇത് എതിർത്ത രാഖിയെ അഖിലും സഹോദരൻ രാഹുലും ആദർശും ചേർന്ന് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം

തിരുവനന്തപുരം:  അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ദൃശ്യം സിനിമയെ അനുകരിച്ച്. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹം സുഹൃത്തിന്‍റെ നിർമ്മാണം നടക്കുന്ന വീടിന് സമീപമാണ് ഇന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട പൂവാർ സ്വദേശി രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.സൈനികനായ അഖിലും സഹോദരൻ രാഹുലും ഒളിവിലാണ്.അഖിലിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിലെ അഖിലിന്‍റെ മേലുദ്യോഗസ്ഥർക്ക് അന്വേഷണ സംഘം വിവരങ്ങൾ കൈമാറും.

കഴി‌ഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാർ സ്വദേശിയായ രാഖിയെ കാണാതായത്. എറണാകുളത്ത് കോൾസെന്‍റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാഖിയുടെ ഫോണ്‍ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികൻ അഖിലിലേക്ക് പൊലീസ് എത്തിയത്. ഒരു മിസ്കോളില്‍ തുടങ്ങിയ ഇവരുടെ ബന്ധം പ്രണയമായി മാറുകയായിരുന്നു.

അഖിൽ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതാണ് പ്രശ്നം വഷളാക്കിയത്.ഇത് എതിർത്ത രാഖിയെ അഖിലും സഹോദരൻ രാഹുലും ആദർശും ചേർന്ന് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.ആദർശ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമ്പൂരിയിൽ അഖിലിന്‍റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. 

അഖിലിന്‍റെ  നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീർണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇരുവരും എത്തുമ്പോൾ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു. കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം. 

മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടികൊടുത്ത അഖിലിന്‍റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അവധിക്ക് ശേഷവും അഖിൽ സർവ്വീസിൽ പ്രവേശിക്കാതെ ഒളിവിലാണ്. അഖിലിന്‍റെ ജ്യേഷ്ഠൻ രാഹുലിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. രാഹുലും ഒളിവിലാണ്. രാഖിയുമായി അഖിൽ സഞ്ചരിച്ച കാർ തമിഴ്നാട്ടിലെ തൃപ്പരപ്പിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

click me!