യുവാവിന്റെ മൊഴിയിലെ ചില കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് സംഭവത്തിലെ വസ്തുത പുറത്ത് കൊണ്ട് വന്നത്.
ജോൻപൂർ: മൂന്ന് തവണ ശ്രമിച്ചിട്ടും ജനറൽ സീറ്റിൽ എംബിബിഎസ് സീറ്റ് നേടാനായില്ല. പിന്നാലെ സ്വന്തം കാൽ മുറിച്ച് മാറ്റി ഭിന്നശേഷിക്കാർക്കുള്ള റിസർവേഷൻ ക്വാട്ടയിൽ കയറിക്കൂടാൻ ശ്രമിച്ച് യുവാവ്. ഉത്തർ പ്രദേശിലെ ജോൻപൂരിലാണ് സംഭവം. എംബിബിഎസ് സീറ്റിനായി മകൻ ചെയ്ത സാഹസം വീട്ടുകാർക്ക് മനസിലാക്കുന്നത്. തന്നെ അജ്ഞാതരായ ആളുകൾ ആക്രമിച്ചുവെന്നായിരുന്നു സൂരജ് ഭാസ്കർ എന്ന ഡി ഫാം ബിരുദധാരി വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഉത്തർ പ്രദേശിലെ ഖാലിപൂർ സ്വദേശിയാണ് സൂരജ്യ അമ്മയ്ക്കൊപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത്. മൂത്ത സഹോദരനും സഹോദരിയും സൂരജിനുണ്ട്. ഡി ഫാം ബിരുദധാരിയായ യുവാവ് എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. ജനുവരി 18ന് ഇവരുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സൂരജ് തനിച്ചായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ദിവസമാണ് സൂരജിന്റെ കാൽ അറ്റ നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ അജ്ഞാതരായ രണ്ട് പേർ ആക്രമിച്ചെന്നായിരുന്നു യുവാവ് സംഭവത്തേക്കുറിച്ച് പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ ബോധം പോയെന്നും ബോധം വന്നപ്പോൾ കാൽ നഷ്ടമായെന്ന് തിരിച്ചറിഞ്ഞെന്നുമാണ് യുവാവ് വീട്ടുകാരോട് വിശദമാക്കിയത്.
മൊഴികളിലെ വൈരുദ്ധ്യം, സംഭവ സ്ഥലത്തെ ഡയറിയും പിടിവള്ളിയായി
രാത്രി വൈകിയും പഠിക്കുന്നതിൽ ലൈറ്റ് ഓഫാക്കാത്തതിനേ ചൊല്ലി ഭീഷണി നേരിട്ടിരുന്നതായും യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നു. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് എടുക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ മൊഴിയിലെ ചില കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് സംഭവത്തിലെ വസ്തുത പുറത്ത് കൊണ്ട് വന്നത്. അക്രമം നടന്നുവെന്ന് പറഞ്ഞ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ മറ്റാരുടേയും സാന്നിധ്യം പൊലീസിന് കണ്ടെത്താനുമായിരുന്നില്ല. എന്നാൽ അനസ്തീഷ്യ സൂചികളും സിറിഞ്ചുകളും കട്ടിംഗ് മെഷീനും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് കണ്ടെത്താനും സാധിച്ചു.
ഇവിടെ നിന്ന് പൊലീസിന് ലഭിച്ച സൂരജിന്റെ ഡയറിയാണ് സംഭവത്തേക്കുറിച്ച് കൂടുതൽ സൂചനകൾ പൊലീസിന് നൽകിയത്.2026ൽ ഏത് വിധേനയും എംബിബിഎസ് സീറ്റ് നേടുമെന്നാണ് സൂരജ് ഡയറിയിൽ കുറിച്ചിരുന്നത്. 2025 ഒക്ടോബറിൽ യുവാവ് അംഗപരിമിതർക്കായുള്ള സർട്ടിഫിക്കറ്റ് വാങ്ങാനായി ശ്രമിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പിന്നാലെ സൂരജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവങ്ങൾ വ്യക്തമായത്.


