അന്തിക്കാട് കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

By Web TeamFirst Published Oct 12, 2020, 1:16 AM IST
Highlights

രണ്ടു ഗുണ്ടാസംഘങ്ങളും തമ്മില്‍ നിരന്തരം പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതാണ് നിധിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍െ നിഗമനം.
 

തൃശൂര്‍: അന്തിക്കാട് നിധിലിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പിടിയിലായ പ്രതിയില്‍ നിന്ന് മറ്റ് നാലു പേരെ കുറിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതെസമയം കൊലപാതകത്തിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബിയെന്നാണ് ബിജെപിയുടെ ആരോപണം. നിധിലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജിപി അന്തിക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.

നിധില്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാറിലെത്തിയ കൊലയാളിസംഘം പിറകില്‍ നിന്ന് ഇടിച്ചിട്ട ശേഷമാണ് കൊല നടത്തിയത്. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറ് സഞ്ചാരയോഗ്യമല്ലാതായി. തുടര്‍ന്ന് അതുവഴി വന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് കടന്നുകളഞ്ഞതെന്നാണ് പിടിയിലായ പ്രതി സനല്‍ മൊഴി നല്‍കിയത്. ആക്രമണത്തിനിടെ സനലിന് പരുക്കേറ്റതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ തേടി. ഇതറിഞ്ഞെത്തിയ അന്വേഷണസംഘത്തിനു മുന്നില്‍ സനല്‍ കുടങ്ങി. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത് 5 പേരാണ്. രണ്ടു ഗുണ്ടാസംഘങ്ങളും തമ്മില്‍ നിരന്തരം പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതാണ് നിധിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍െ നിഗമനം. മറ്റ് രാഷ്്രീയ ഉദ്ദേശ്യങ്ങള്‍ കൊലപാതകത്തിനു പിറകിലുണ്ടെന്ന് പൊലീസ് കരുതുന്നില്ല. 

പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സുഹൃത്തുക്കളെയും സംഘാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു. മറ്റ് 4 പ്രതികള്‍ ദൂരസ്ഥലത്തേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. അതെസമയം കൊലപതാത്തിന് പിന്നില്‍ സിപിഎം എന്ന ആരോപണത്തില്‍ ബിജെപി ഉറച്ചു നില്‍ക്കുകയാണ്. കണ്ണൂരിലെ സിപിഎം കൊലക്കേസ് പ്രതി ജിജോ തില്ലങ്കേരിയുടെ ഫെയ്‌സുബുക്ക് പോസ്റ്റാണ് ഇതിന് തെളിവായി ബിജെപി ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ആറോപണം സിപിഎം നിഷേധിച്ചു.

click me!