
ദില്ലി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്തെന്ന് സ്ഥീരീകരിച്ചു ദില്ലി പൊലീസ്. പെൺകുട്ടിയുടെ ഫോണും ലാപ്പ്ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.. അതെസമയം ഹരിദ്വാറിലെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് പ്രകോപനപ്രസംഗം നടത്തിയ മുസ്സിം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന സുപ്രീം കോടതിയെ സമീപിച്ചു.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലി പൊലീസ് കേസ് എടുത്തത്. ചർച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചാണ് ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞത്.
ഇതിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തെന്ന് സ്ഥീരികരിച്ചു. പെൺകുട്ടിയും കുടുംബവും അന്വേഷണവുമായി സഹകരിച്ചെന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. പെൺകുട്ടി ചർച്ചയിൽ പങ്കെടുത്തെങ്കിലും വിദ്വേൽപരമായി സംസാരിച്ചിട്ടില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ ഫോണും ലാപ്പ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ, യുപി , ഉത്തരാഖണ്ഡ്, ദില്ലി, യുപി സ്വദേശികളാണ് തിരിച്ചറിഞ്ഞ മറ്റുള്ളവർ. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇതിൽ ലക്നൌ സ്വദേശിയായ രാഹുൽ കപൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇതിനിടെ ഹരിദ്വാറിലെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട ഹർജിയിൽ തങ്ങളെ കക്ഷിയാക്കണമെന്ന് ഹിന്ദുസേന, ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ മുസ്‍ലിം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam