മൊബൈൽ ഫോൺ കവർന്ന് കടന്നു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി എഎസ്ഐ, അഭിനന്ദനം

By Web TeamFirst Published Nov 29, 2020, 12:07 AM IST
Highlights

സ്കൂട്ടർ യാത്രക്കാരന്റെ മെബൈൽ ഫോൺ കവർന്ന കള്ളൻമാരെ എഎസ്ഐ ബൈക്കിൽ പിന്തുടർന്ന് പിടികൂടി. മണിക്കൂറുകളോളം നീണ്ട ചെയ്സിങ്ങിന് ഒടുവിലാണ് സിനിമാ സ്റ്റൈലിൽ മൊബൈൽ മോഷ്ടാക്കളെ പിടികൂടിയത്.

ചെന്നൈ: സ്കൂട്ടർ യാത്രക്കാരന്റെ മെബൈൽ ഫോൺ കവർന്ന കള്ളൻമാരെ എഎസ്ഐ ബൈക്കിൽ പിന്തുടർന്ന് പിടികൂടി. മണിക്കൂറുകളോളം നീണ്ട ചെയ്സിങ്ങിന് ഒടുവിലാണ് സിനിമാ സ്റ്റൈലിൽ മൊബൈൽ മോഷ്ടാക്കളെ പിടികൂടിയത്. ചെന്നൈയിലെ പതിവ് മൊബൈൽ മോഷ്ടാക്കളാണ് അറസ്റ്റിലായത്.

ചെന്നൈ മാധവാരം സമീപം ഇന്നലെ രാവിലെയാണ് സംഭവം. നഗരത്തിലെ വ്യാപാരിയായ രവി ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെ രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി. രവിയുടെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോണ്‍ തട്ടിപ്പറിച്ചു രക്ഷപ്പെട്ടു.

ഈസമയത്താണു മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്ഐ. അന്റലിന്‍ രമേശ് ഓഫീസിലേക്കുള്ള യാത്രക്കിടെ അവിടെ എത്തുന്നത്. ബഹളം കേട്ടു രമേശ് കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനത്തെ പിന്തുടര്‍ന്നു. 

സിനിമാ സ്റ്റെൽ ചെയ്സിങ്ങ്. കിലോമീറ്ററുകള്‍ക്കപ്പുറത്തു കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. ബൈക്കിന് പിന്നിലിരുന്നയാൾ തെറിച്ചുവീണു. പിറകെയെത്തിയ എഎസ്ഐ സിനിമാ സ്റ്റൈലില്‍ കള്ളനെ പിടികൂടി.

അനുരാജ് എന്നയാളാണു പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ കുമാര്‍ , വിഗ്നേഷ് എന്നിവരും അറസ്റ്റിലായി. ഇവരുടെ കൈവശത്ത് നിന്ന് 17 ഫോണുകള്‍ പിടികൂടി. കള്ളന്‍മാരെ പിടിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എഎസ്ഐയ്ക്കു അഭിനന്ദ പ്രവാഹമാണ്. 

എഎസ്ഐ യുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. ആന്റലിന്‍ രമേശിനെ പ്രശംസിച്ചു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.

click me!