പാലക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തു പക്ഷേ പണം കിട്ടിയില്ല

Published : Feb 14, 2023, 08:17 AM IST
പാലക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തു പക്ഷേ പണം കിട്ടിയില്ല

Synopsis

നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്.

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എളുമ്പലാശ്ശേരിയിൽ എടിഎം തകർത്ത് മോഷണശ്രമം. പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം.  സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല. 

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കഴിഞ്ഞ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നത് ഒരേ സമയമാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്‍റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകർത്ത് പണം കവരുകയായിരുന്നു.

അർദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചാണ് പണം കൊള്ളയടിച്ചത്. ആകെ എഴുപത്തിയ‌ഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല.

ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കവർച്ച നടന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്