
തൃശ്ശൂർ: മതിലകത്ത് വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം. സ്രാമ്പിക്കൽ വീട്ടിൽ ഹമീദ്, ഭാര്യ സുബൈദ എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആയുധവുമായെത്തിയ രണ്ട് പേർ ആക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഹമീദ് വാതിൽ തുറന്നത്. ഉടൻ മുഖം മൂടി ധരിച്ച അക്രമികൾ ചവിട്ടി വീഴത്തി. ഇത് കണ്ട് ഓടിയെത്തിയ സുബൈദ നിലവിളിച്ചതോടെ അക്രമികൾ കയ്യിലുണ്ടായിരുന്ന ചവണ പോലുള്ള ആയുധം വായിൽ കുത്തിക്കയറ്റി. ഇലക്ട്രിക്ക് വയർ ഉപയോഗിച്ച് കഴുത്തിൽ കുരിക്കിട്ടു.
ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ സുബൈദയുടെ തലയിലെ പലയിടങ്ങളിലും മുറിവേറ്റു. ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികൾ വീടിനോട് ചേർന്നുള്ള മുറിയിൽ നേരത്തെ കയറിക്കൂടിയിരിക്കാമെന്നാണ് കരുതുന്നത്.
ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സുബൈദയുടെ കഴുത്തിൽ കുരിക്കിട്ട വയറിൽ നിന്ന് മണം പിടിച്ച നായ വീടിന്റെ പുറക് വശം കടന്ന് ദേശീയ പാതയിൽ വന്ന് നിന്നു. വധശ്രമ മുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam