അലോപ്പതി ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

By Web TeamFirst Published Nov 15, 2020, 12:37 AM IST
Highlights

അലോപ്പതി ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. എറണാകുളം മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അജയ് രാജാണ് അറസ്റ്റിലായത്.

എറണാകുളം: അലോപ്പതി ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. എറണാകുളം മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അജയ് രാജാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുവയില്‍നിന്ന് പിടിയിലായ വനിതാ വ്യാജ ഡോക്ടറും, അജയ് രാജും ഒരേ സ്ഥലത്തുനിന്നാണ് വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് വ്യക്തമായി.

കൊട്ടാരക്കര സ്വദേശി 33 കാരനായ അജയ് രാജാണ് കാലടി പൊലീസിന്‍റെ പിടിയിലായത്. കാലടിക്ക് സമീപം മഞ്ഞപ്രയിലെ സെന്റ് ഫിലോമിനാസ് ആശുപത്രിയിലായിരുന്നു അലോപ്പതി ഡോക്ടറെന്ന വ്യാജേന ജോലി ചെയ്ത് വന്നത്. ഇവിടെ എത്തിയത് മൂന്ന് മാസം മുമ്പ്. യഥാര്‍ത്ഥത്തില്‍ ഇയാള്‍ ആയുര്‍വേദ ഡോക്ടറാണ്. 

കഴിഞ്ഞ ദിവസം ആലുവ എടത്തലയില്‍ വനിതാ വ്യാജ ഡോക്ടറെ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. രോഗികള്‍ക്ക് അമിത ഡോസില്‍ മരുന്ന് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലായതും പിടിയിലായതും. 

സംഗീത ബാലകൃഷ്ണന് വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അജയ് രാജാണെന്ന് വ്യക്തമായി. അജയ് രാജിനായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ മഞ്ഞപ്രയിലെ ആശുപത്രിയില്‍ ഉണ്ടെന്ന് വ്യക്തമായത്. കൊല്ലത്തുനിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. കൂടുതല്‍ പേര്‍ ഈ സംഘത്തിലുണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നു. റാക്കറ്റിന്‍റെ ഭാഗമായവരെക്കുറിച്ച് സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

click me!