
കണ്ണൂർ: ധർമ്മടത്ത് പ്രസവത്തിനിടെ കുഞ്ഞും അമ്മയും മരിച്ചത് ചികിത്സ പിഴവുകൊണ്ടാണെന്ന കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. രണ്ടാഴ്ചമുന്‍പ് ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. മനുഷ്യാവകാശ കമ്മീഷനും ആശുപത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നെന്നാണ് ആശുപത്രിയുടെ വാദം.
12 വയസുള്ള ലബീഹയ്ക്കും 10 വയസുകാരി ലാമിയയ്ക്കും കൂട്ടായി മൂന്നാമതെത്തുന്നതും പെൺകുഞ്ഞാണെങ്കിൽ ലൈഹ എന്ന് പേരിടാൻ ഷഫ്ന നേരത്തെ ഉറപ്പിച്ചിരുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കകം മരിച്ചുപോയ ഷഫ്നയും കുഞ്ഞ് ലൈഹയും ഇന്ന് തലശ്ശേരി സ്റ്റേഡിയം പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമത്തിലാണ്. ചികിത്സ പിഴവ് കൊണ്ടാണ് മരണമെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കുന്ന പൊലീസ് കുഞ്ഞിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
ഈ മാസം പതിനൊന്നിനാണ് തലശ്ശേരി ജോസ് ഗിരി ആശുപത്രിയിൽ ഷഫ്ന പെൺകുഞ്ഞിന് ജൻമം നൽകിയത്. രാത്രിവരെ ഷഫ്നയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പുലർച്ചെ പ്രസവവാർഡിലേക്ക് കൊണ്ടുപോയ സിസിറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. രക്തം നിൽക്കുന്നില്ലെന്നും അമ്മയുടെ ഗർഭപാത്രം നീക്കം ചെയ്തതായും പിന്നീട് അറിയിക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു.
പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കൊയിലി ആശുപത്രിയിലേക്കും അമ്മയെ മിംസിലേക്കും ജോസ് ഗിരി ആശുപത്രി അധികൃതർ തന്നെ കൊണ്ടുപോയെങ്കിലും മണിക്കൂറുകൾക്കകം അമ്മയും കുഞ്ഞും മരിച്ചു. ജോസ്ഗിരി ആശുപത്രിയിൽ ഡോക്ടർ പിആർ വേണുഗോപാലിന് ചികിത്സ പിഴവുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു.
ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയതായും കേസിനെ നിയമപരമായി നേരിടുമെന്നും ജോസ്ഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
കേസന്വേഷിക്കുന്ന തലശ്ശേരി ഡിവൈഎസ്പി മൊയ്തു വള്ളിക്കാടൻ ഡോക്ടറുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ പിഴവുണ്ടായോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam