
ഫ്ലോറിഡ: പോഷകാഹാരക്കുറവ് മൂലം പതിനെട്ട് മാസം പ്രായമുളള ആൺകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ ഷൈല ഓ ലെറി, റയാൻ ഓ ലെറി എന്നീ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സസ്യാഹാരം മാത്രമാണ് കുഞ്ഞിന് കഴിക്കാൻ കൊടുത്തിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. കുട്ടി മരിച്ചത് പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കരൾവീക്കം, നിർജലീകരണം, ശ്വാസതടസ്സം എന്നീ അസുഖങ്ങളും കുഞ്ഞിനുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ കൈകാലുകൾ ശോഷിച്ച അവസ്ഥയിലുമായിരുന്നു.
ഇവർ എല്ലാവരും പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ മാത്രമാണ് കഴിച്ചിരുന്നത്. കുഞ്ഞ് മരിക്കുമ്പോൾ വെറും ഏഴരക്കിലോ തൂക്കം മാത്രമാണുണ്ടായിരുന്നത്. മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിലായി കുഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവർ ഡോക്ടറെ കാണിച്ചിരുന്നില്ല. ഇവർക്ക് മുതിർന്ന രണ്ട് കുട്ടികൾ വെറെയുമുണ്ട്. ഇവരും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ വനിതാ ശിശു വികസന കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam