നെടുമ്പാശ്ശേരിയിൽ നിന്ന് പിടിച്ചത് എയർ ഗണ്ണോ അതോ ശരിക്കും തോക്കോ? ഉറപ്പിക്കാൻ വിദഗ്ധ പരിശോധന

By Web TeamFirst Published Nov 10, 2019, 3:26 PM IST
Highlights

ഇരുമ്പ് പണിക്കാരുടെ സഹായത്തോടെ പിടിച്ചെടുത്തവയെ യഥാർത്ഥ തോക്കുകളായി മാറ്റാൻ കഴിയുമെന്നാണ് എയർ കസ്റ്റംസ് വിഭാഗത്തിന്‍റെ സംശയം. ഇത് സ്ഥിരീകരിക്കാനായി തൃശ്ശൂർ ആംഡ് പൊലീസ് ട്രെയിനിംഗ് സെന്‍ററിലോ തിരുവനന്തപുരം ഫൊറൻസിക് ലാബിലോ പരിശോധനക്കായി അയക്കും.

കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്കുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹത. സുഹൃത്തുക്കൾക്ക് വിൽക്കാനാണ് തോക്കുകൾ കൊണ്ടു വന്നതെന്ന യാത്രക്കാരൻ്റെ മൊഴിയിൽ അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നു. തോക്കുകൾ വിശദമായ ബാലിസ്റ്റിക് പരിശോധനക്ക് വിധേയമാക്കും. എയർ ഗണ്ണുകളാണെന്ന പാലക്കാട് സ്വദേശിയുടെ വാദത്തിലും ഇതോടെ വ്യക്തത വരും.  

വെള്ളിയാഴ്ചയാണ് ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയിൽ നിന്നും എയർ കസ്റ്റംസ് ഇന്‍റലിജൻസ് ആറു തോക്കുകൾ പിടികൂടിയത്. റൈഫിൾ വിഭാഗത്തിൽ പെട്ട തോക്കുകൾ പല ഭാഗങ്ങളായി വേർപെടുത്തി ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടു വന്നത്. തോക്കുകൾക്കൊപ്പം മറ്റു തോക്കുകളുടെ ഭാഗങ്ങളും ഉണ്ടായിരുന്നു. തോക്കുകൾ കൈവശമുണ്ടെന്ന കാര്യം മറച്ചു വച്ചു ഗ്രീൻ ചാനൽ വഴിയാണിത് കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിൽ നിന്നും പുറത്തേക്ക് കടന്നപ്പോഴാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം ഇയാളെ പിടികൂടിയത്.

എക്സ്റേ പരിശോധനയിൽ ബാഗിനുള്ളിൽ തോക്ക് കണ്ടെത്തി. തുടർന്ന് ബാഗ് തുറന്നു പരിശോധനിച്ചു. തോക്കിന് വേണ്ട ലൈസൻസോ മറ്റു രേഖകളോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പാലക്കാട് റൈഫിൾ ക്ലബിൽ ലൈഫ് മെമ്പർ ആണെന്നുള്ള രേഖയുടെ കോപ്പി മാത്രമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സുഹൃത്തുക്കൾക്കായി വാങ്ങിയ എയർ ഗണ്ണാണെന്നാണ് യാത്രക്കാരൻ മൊഴി നൽകിയത്.

എന്നാൽ ഇവ യഥാർത്ഥ തോക്കുകളല്ലെന്നും വെടി വയ്ക്കാൻ കഴിയുന്ന തോക്കുകളായി മാറ്റാൻ കഴിയില്ലെന്നുമുള്ള ബാലിസ്റ്റിക് സർട്ടിഫിക്കറ്റ് ലഭിച്ചാലേ വിട്ടു കൊടുക്കാൻ കഴിയുകയുള്ളൂ. ഇരുമ്പ് പണിക്കാരുടെ സഹായത്തോടെ ഇവയെ യഥാർത്ഥ തോക്കുകളായി മാറ്റാൻ കഴിയുമെന്നാണ് എയർ കസ്റ്റംസ് വിഭാഗത്തിന്‍റെ സംശയം. ഇത് സ്ഥിരീകരിക്കാനായി തൃശ്ശൂർ ആംഡ് പൊലീസ് ട്രെയിനിംഗ് സെന്‍ററിലോ തിരുവനന്തപുരം ഫൊറൻസിക് ലാബിലോ പരിശോധനക്കായി അയക്കും. യഥാർത്ഥ തോക്കുകളാണന്ന് തെളിഞ്ഞാൽ പൊലീസിനു കൈമാറും. മുമ്പും ഇത്തരത്തിൽ തോക്ക് കടത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!