ബ്യൂട്ടി പാർലർ വെടിവയ്പ്: രവി പൂജാരിയെ പ്രതിയാക്കിയുളള കുറ്റപത്രം സമർപ്പിച്ചു

By Web TeamFirst Published Mar 5, 2019, 1:41 PM IST
Highlights

ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കൽ , അതിക്രമിച്ചു കടക്കൽ, പണം അപഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാ‌ഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ തയാറാക്കിയ അന്തിമ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കൽ, അതിക്രമിച്ചു കടക്കൽ, പണം അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോർട്ടിൽ ബ്യൂട്ടി പാർലറിലെത്തി വെടിയുതിർ‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്. സെനഗലിൽ പിടിയിലായ ഇയാളെ രാജ്യത്തെത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള  ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ  താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു. കൃത്യത്തിന് പിന്നിൽ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാ‌ഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.

അന്വേഷണം തുടരുകയാണെന്നും നിർണായക ഘട്ടിലാണെന്നും വെടിയുതിർത്തവരെയും ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റുളളവരെയും കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് കണ്ടെത്തൽ.

കൃത്യത്തിന് പിന്നിൽ താനെന്ന് അവകാശപ്പെട്ട് ഏഷ്യാനറ്റ് ന്യൂസിന് ലഭിച്ച രവി പൂജാരിയുടെ ഫോൺ കോളുകളടക്കം കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ക്രൈംബ്രാ‌ഞ്ച് ഡി വൈ എസ് പി ജോസി  ചെറിയാൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടാണ് ഇന്ന് കൊച്ചിയിലെ കോടതിയിൽ സമർപ്പിക്കുക.

click me!