മലപ്പുറത്തെ യുവാവിന്‍റെ മരണം; വ്യാജ സിദ്ധനെതിരെ അന്വേഷണം

By Web TeamFirst Published Mar 5, 2019, 12:52 AM IST
Highlights

വീട്ടുകാരെ ദുര്‍മന്ത്രവാദം പറഞ്ഞ് വിശ്വസിപ്പിച്ച വ്യാജ സിദ്ധൻ ഇവിടെ വച്ച് രോഗബാധിതനായ തന്നെ മരുന്ന് കഴിക്കാൻ പോലും സമ്മതിച്ചില്ലെന്നും ഉപദ്രവിച്ചെന്നുമാണ് സുഹൃത്തായ ഷാജി എന്നയാള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ ഫിറോസ് അലി പറഞ്ഞത്

മലപ്പുറം: മലപ്പുറം കരുളായിയില്‍ രോഗബാധിതനായ യുവാവ് മരിച്ച സംഭവത്തില്‍ മ‍ഞ്ചേരിയിലെ വ്യാജസിദ്ധനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ദുര്‍മന്ത്രവാദത്തിന്‍റെ മറവില്‍ കരള്‍രോഗബാധിതനായ തന്നെ മരുന്നുകഴിക്കാൻ പോലും അനുവദിക്കാതെ വ്യാജസിദ്ധൻ പീഡിപ്പിച്ചെന്ന് മരിക്കുന്നതിനു തൊട്ടു മുൻപ് യുവാവ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചിരുന്നു.

കരുളായി സ്വദേശി കൊളപ്പറ്റ ഫിറോസ്‌ അലി എന്ന മുപ്പത്തിയെട്ടുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.കരള്‍രോഗബാധിതനായിരുന്ന ഫിറോസ് അലി ഏറെ നാളായി അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ഇയാളെ വീട്ടുകാര്‍ മഞ്ചേരിയിലെ വ്യാജസിദ്ധന്‍റെ അടുത്തേക്ക് കൊണ്ടുപോയി. വീട്ടുകാരെ ദുര്‍മന്ത്രവാദം പറഞ്ഞ് വിശ്വസിപ്പിച്ച വ്യാജ സിദ്ധൻ ഇവിടെ വച്ച് രോഗബാധിതനായ തന്നെ മരുന്ന് കഴിക്കാൻ പോലും സമ്മതിച്ചില്ലെന്നും ഉപദ്രവിച്ചെന്നുമാണ് സുഹൃത്തായ ഷാജി എന്നയാള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ ഫിറോസ് അലി പറഞ്ഞത്.

പിന്നാലെ ഫിറോസ് അലി മരിക്കുകയും ചെയ്തു.ഫിറോസ് അലിയുടെ ശബ്ദു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങിയത്. രോഗബാധിതനായ ഫിറോസ് അലിക്ക് ആശ്വാസം കിട്ടാൻ പ്രാര്‍ത്ഥനക്കായാണ് മഞ്ചേരിയില്‍ കൊണ്ടുപോയതെന്നാണ് ഫിറോസ് അലിയുടെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയാനോ അന്വേഷണവുമായി സഹകരിക്കാനോ ഇവര്‍ തയ്യാറാകുന്നുമില്ല.

click me!