
കൊച്ചി: ആലുവയിൽ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു കിലോ ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പൊലീസ് കണ്ടെത്തിയത്. വിപണയിൽ 50 ലക്ഷത്തിലേറെ രൂപ വിലവരും പിടിച്ചെടുത്ത രാസലഹരിയ്ക്കെന്ന് പാെലീസ് പറഞ്ഞു.
ബാഗിനുള്ളിൽ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ദില്ലിയിൽ നിന്നും യുവതി മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിൽ വിൽപന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മയക്കുമരുന്നെത്തിച്ചത്. ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽത്തന്നെ തിരിച്ചു പോവുകയാണ് ഇവരുടെ പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സംഭവത്തിൽ റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി. അനിൽ, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാൽ, കെ.നന്ദകുമാർ , എ.എസ്.ഐ വിനിൽകുമാർ , സീനിയർ സിപിഒമാരായ അജിത തിലകൻ, പി.എൻ നൈജു, ദീപ്തി ചന്ദ്രൻ, മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
Read More : വീടിന്‍റെ വരാന്തയിൽ നിന്ന വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റ് പരിക്ക്, സംഭവം അത്തോളിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam