വീടിന്‍റെ വരാന്തയിൽ നില്‍ക്കുന്നതിനിടെയാണ് യുവതിക്ക് അപ്രതീക്ഷിതമായി മിന്നലേറ്റത്.
കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് ( 40) പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന്‍റെ വരാന്തയിൽ നില്‍ക്കുന്നതിനിടെയാണ് യുവതിക്ക് അപ്രതീക്ഷിതമായി മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം പുനലൂര്‍ മണിയാറിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചിരുന്നു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ കാട് നീക്കംചെയ്യുന്നതിനിടെ ചൊവ്വാഴ്ച 11:30- ഓടെയായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകര്‍ന്നു.
2024 ജൂൺ 18 മുതൽ 20 തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
Read More : കാലവര്‍ഷക്കാറ്റ് സജീവമാകുന്നു; ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 6ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
