
ബംഗളുരൂ: ബംഗ്ലാദേശ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 2 പ്രതികൾക്ക് വെടിവയ്പ്പിൽ പരിക്ക്. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും കാലിനു വെടിവച്ചു കീഴ്പ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ അറസ്റ്റിലായവരിൽ 4 പേരെയാണ് ഇന്ന് രാവിലെ തെളിവെടുപ്പിനായി ചെന്നസാന്ദ്രയ്ക്ക് സമീപം കൊണ്ടുവന്നത്. പ്രതികളിൽ രണ്ടുപേർ പെട്ടെന്ന് പോലീസിനെ ആക്രമിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥർക്കുനേരെ കല്ലുകൾ വലിച്ചെറിഞ്ഞു. ഇതിനിടെ കാലിനു വെടിവച്ചാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്. ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനുഷ്യക്കടത്തു സംഘത്തിൽ നിന്നും കേരളത്തിലേക്ക് രക്ഷപ്പെട്ടോടിയ യുവതിയെ സംഘം പിടികൂടി ബെംഗളൂരു രാമമൂർത്തി നഗറിലെ വീട്ടിൽ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. പ്രതികൾതന്നെ മൊബൈലിൽ ഇത് പകർത്തി. സമൂഹമാധ്യമങ്ങളിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്താനായി കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
ബെംഗളുരുവിൽ നിന്നും ഇന്നലെ രാത്രിയാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരെ ബലാത്സംഗക്കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നു ബംഗളുരൂ കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. യുവതിയെ കണ്ടെത്താനും പോലീസ് ശ്രമം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam