എട്ടാംക്ലാസുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

By Web TeamFirst Published May 29, 2021, 12:50 AM IST
Highlights

പിന്നീട് കുട്ടിയുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് മറ്റ് കുട്ടികൾക്ക് ഫോട്ടോ അയച്ചു. ഫോട്ടോ ലഭിച്ച ഒരു പെൺകുട്ടിയുടെ പിതാവാണ് വിവരം ഇരയായ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചത്.

എരുമപ്പെട്ടി: ഫേസ്ബുക്ക് വഴി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ചിത്രങ്ങൾ കൈവശപ്പെടുത്തി മോർഫ് ചെയ്ത് നഗ്ന ചിത്രമാക്കി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രതി പെൺകുട്ടിയെ വശീകരിച്ചത്.

തിരുവനന്തപുരം ആര്യനാട് സ്വദേശി വിനീഷ്കുമാറിനെയാണ് എരുമപ്പെട്ടി പൊലീസ് പൊക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മറ്റൊരു പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ 14 വയസുകാരിയായ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ചത്. കുട്ടിയുടെ പ്രൊഫൈൽ ഫോട്ടോ ഡൗൺലോഡ് ചെയ്യുകയും ഇത് മോർഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

പിന്നീട് കുട്ടിയുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് മറ്റ് കുട്ടികൾക്ക് ഫോട്ടോ അയച്ചു. ഫോട്ടോ ലഭിച്ച ഒരു പെൺകുട്ടിയുടെ പിതാവാണ് വിവരം ഇരയായ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചത്.തുടർന്ന് നൽകിയ പരാതിയിൽ ഇൻസ്പെക്ടർ എം.ബി.ലത്തീഫ് , എസ്.ഐ കെ.അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സൈബർ വിങ്ങിന്‍റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി പിടികൂടിയത്.

2020 ഡിസംബറിലാണ് പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ചത്. ഫെയ്സ് ബുക്കിൽ അപേക്ഷ നൽകി വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്.

click me!