
ബെംഗളൂരു: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന കേസിൽ ഭർത്താവ് ബാലമുരുകനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തുന്നതിന് വേണ്ടി ഇയാൾ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള ഒരു ഷൂട്ടിംഗ് അക്കാദമിയിൽ പരിശീലനം നേടിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസന്വേഷണം പൂർത്തിയാക്കിയ മാഗഡി റോഡ് പൊലീസ് അടുത്തിടെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രതി ബാലമുരുകൻ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഷൂട്ടിംഗ് പരിശീലനം നേടിയതെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.
ബാലമുരുകനും മറ്റ് പ്രതികളായ മൗലീഷ് കുമാർ, പെരിയസ്വാമി, രാഹുൽ, ഹരി, സൂര്യ എന്നിവരും മജെസ്റ്റിക്കിലെ ഒരു ലോഡ്ജിൽ വെച്ച് ഗൂഢാലോചന നടത്തി. ഇവിടെ വെച്ചാണ് ഭുവനേശ്വരിയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയും സ്ഥലം തീരുമാനിക്കുകയും ചെയ്തത്. ഇതിനായി ബാലമുരുകൻ ബിഹാറിലെത്തി 80,000 രൂപയ്ക്ക് രണ്ട് പിസ്റ്റളുകൾ വാങ്ങി. സംശയം തോന്നാതിരിക്കാൻ ഒരു പിസ്റ്റൾ കൂട്ടുപ്രതിക്ക് നൽകി. ഇയാൾ അത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2025 ഡിസംബർ 23-നാണ് 39-കാരിയായ ഭാര്യ ഭുവനേശ്വരിയെ ബാലമുരുകൻ കൊലപ്പെടുത്തിയത്. കേസിൽ തമിഴ്‌നാട് സ്വദേശിയായ ഭർത്താവ് സെൽവ ബാലമുരുകൻ, കൂട്ടാളികളായ അഭിമന്യു സിംഗ്, മൗലേഷ് കുമാർ, പെരിയസ്വാമി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ, ഹരീഷ്, സൂര്യ എന്നിവർ ഇപ്പോഴും ഒളിവിലാണ്. എല്ലാ പ്രതികൾക്കുമെതിരെ 495 പേജുള്ള കുറ്റപത്രം 24-ാമത് എസിഎംഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മാഗഡിക്ക് സമീപമായിരുന്നു കൊലപാതകം നടന്നത്. ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായിരുന്നു പ്രകോപനമായത്. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈപ്പറ്റി ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം. ഏറെക്കാലം പിരിഞ്ഞുകഴിഞ്ഞ ശേഷമായിരുന്നു 39കാരിയായ ഭുവനേശ്വരി വിവാഹമോചനം ആവശ്യപ്പെട്ടത്. 2011ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam