
ബെംഗളൂരു: ബെംഗളൂരുവില്‍ സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യുവതിയെ വിതരണം ചെയ്യാനെത്തിയ യുവാവ് വീട്ടില്‍ കയറി മർദിച്ചതായി പരാതി. നഗരത്തിലെ മേക്കപ്പ് ആർട്ടിസ്റ്റായ യുവതി മൂക്കിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതർ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചു.
ബെംഗളൂരുവിലെ മേക്കപ്പ് ആർട്ടിസ്റ്റും ബ്ലോഗറുമായ ഹിതേഷ ചന്ദ്രാണിക്കാണ് ദുരനുഭവം. ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്ത് ഒരുമണിക്കൂറായിട്ടും എത്താഞ്ഞപ്പോൾ കസ്റ്റമർ കെയറില്‍ പരാതിപ്പെട്ടെന്നും, ആ സമയത്ത് എത്തിയ ഡെലിവറി എക്സിക്യുട്ടീവായ യുവാവിനോട് ഭക്ഷണം വേണ്ടെന്ന് പറഞ്ഞപ്പോൾ ആക്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. വീട്ടിനകത്തു കയറി മൂക്കിന് മർദിച്ചെന്നും ചോരവന്നതുകോണ്ടപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടെന്നും യുവതി പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഹിതേഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറലാണ്.
പരാതി ലഭിച്ചതിനുപിന്നാലെ യുവതിയുമായി ബന്ധപ്പെട്ടെന്നും വൈദ്യ സഹായം നല്‍കിയെന്നും , പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സൊമാറ്റോ അധികൃതർ അറിയിച്ചു. എന്നാല്‍ ഭക്ഷണവുമായെത്തിയ തന്നെ യുവതി ചെരിപ്പുകൊണ്ടടിക്കാന്‍ വന്നപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതിനിടെ വീടിന്‍റെ വാതിലില്‍ തട്ടിയാണ് മുറിവേററതെന്നും യുവാവ് സൊമാറ്റോ അധികൃതരെ അറിയച്ചതായാണ് വിവരം. സംഭവത്തില്‍ ബെംഗളൂരു പോലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam