കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകം പ്രമേയമാക്കി നിർമ്മിച്ച സീരിയലിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒന്നാം പ്രതി ജോളി കോടതിയിൽ. സീരിയലിന്‍റെ സിഡി കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി.പരിഗണിക്കേണ്ട വിഷയമാണൊ എന്ന് പരിശോധിക്കാമെന്ന് പ്രിൻസിപ്പൽസ് സെഷൻസ് കോടതി പ്രതി ഭാഗത്തെ അറിയിച്ചു
കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കി ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ തന്നെയും കുടുബത്തേയും വളരെ മോശമായാണ് ചിത്രീകരിച്ചതെന്ന് ജോളി ഹർജിയിൽ പറയുന്നു. മക്കളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. കെട്ടുകഥകളാണ് പ്രമേയമാക്കിയിരിക്കുന്നത്. വ്യക്തിപരമായി വല്ലാതെ വേദനയുണ്ടാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
നിയമനടപടി സ്വീകരിക്കാനുള്ള അനുമതിക്കൊപ്പം സിഡി കാണാനുള്ള അനുമതിയും നൽകണം,. പരാമർശങ്ങൾ വ്യക്തിപരം ആയതിനാൽ ഇരയെന്ന നിലയിൽ സിഡി കാണാൻ അവകാശമുണ്ടെന്നാണ് ജോളിയുടെ വക്കീൽ അഡ്വക്കറ്റ് ആളൂർ കോടതിയിൽ വാദിച്ചത്. ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ വൈകരുത്. സീരിയൽ തുടരാൻ അനുവദിച്ചാൽ അത് തെറ്റായ കീഴ്വഴക്കമാകുമെന്നും പ്രതിഭാഗം വാദിച്ചു.
കൂടത്തായി കേസിലെ ഉള്ളടക്കം വ്യക്തമാക്കി കേരളാ പൊലീസ് തന്നെ വെബ് സീരീസുമായി വരികയാണെന്നും ആളൂർ ആരോപിച്ചു. ഹർജി ഇവിടെ പരിഗണിക്കേണ്ടതൊണൊ എന്ന് പരിശോധിക്കട്ടെയെന്ന മറുപടിയാണ് കോടതി നൽകിയത്, ഈ മാസം മുപ്പതിന് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതി ഉറപ്പ് നൽകി.