
കോട്ടയം: 24 വര്‍ഷം മുൻപ് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കോട്ടയം കാണക്കാരി സ്വദേശി ബെന്നി ജോസഫിനെ കൊലപ്പെടുത്തിയ വര്‍ക്കിയെയാണ് ബന്ധു വീട്ടിലെത്തിയപ്പോള്‍ ഇന്നലെ പൊലീസ് പിടികൂടിയത്.
കാണക്കാരി സ്വദേശികളായ ബെന്നിയും വര്‍ക്കിയും അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്നു. വ്യക്തി വിരോധത്തിന്‍റെ പേരില്‍ തര്‍ക്കത്തിലായ ഇരുവരും പിന്നീട് അകല്‍ച്ചയിലായി. ഒരു ദിവസം ബെന്നിയുടെ വീട്ടിലെത്തി വര്‍ക്കി വധഭീഷണി മുഴക്കി. 1996 ഓഗസ്റ്റ് 23 ന് രാത്രി സമീപത്തെ വീട്ടില്‍ ഫുട്ബോള്‍ മത്സരം കണ്ട ശേഷം മടങ്ങുമ്പോള്‍ വര്‍ക്കി ബെന്നിയെ ആക്രമിച്ചു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയിലും കഴുത്തിലും മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പാഠശേഖരത്തില്‍ കെട്ടിത്താഴ്ത്തി.
സംഭവത്തിന് ശേഷം കുറച്ച് നാള്‍ നാട്ടില്‍ കഴിഞ്ഞ ശേഷം അന്വേഷണം തന്നിലേക്ക് വരുന്നെന്ന് മനസിലാക്കിയ വര്‍ക്കി സ്ഥലംവിട്ടു. ആദ്യം തമിഴ്നാട്ടിലും പിന്നീട് കര്‍ണ്ണാടകയിലെ ഷിമോഗയിലുമായി ഇയാൾ ഒളിവിൽ താമസിച്ചു. ഇതിനിടയില്‍ അലക്സ് എന്ന പേരില്‍ തിരിച്ചറിയില്‍ രേഖ ഉള്‍പ്പടെ സംഘടിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവിനെ കാണാൻ കോട്ടയം കാണക്കാരിയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറുവിലങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ബെന്നിയയുടെ പിതാവ് സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam