പുഴയില്‍ കുളിക്കുകയായിരുന്ന യുവതികളെ അപമാനിച്ചു, ചോദ്യം ചെയ്ത പിതാവിന് മര്‍ദ്ദനം; കേസില്‍ പ്രതികള്‍ കീഴടങ്ങി

By Web TeamFirst Published May 20, 2020, 5:45 PM IST
Highlights

വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയില്‍ ആണ് അഞ്ചംഗ സംഘം പുഴയില്‍ കുളിക്കുകയായിരുന്ന യുവതികളെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്ത യുവതികളില്‍ ഒരാളുടെ പിതാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.

മാനന്തവാടി: പട്ടാപ്പകല്‍ മകളെയും കൂട്ടുകാരിയെയും അപമാനിച്ചത് ചോദ്യംചെയ്ത പിതാവിന്‍റെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ പ്രതികൾ കീഴടങ്ങി. വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയില്‍ ആണ് അഞ്ചംഗ സംഘം പുഴയില്‍ കുളിക്കുകയായിരുന്ന യുവതികളെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്ത യുവതികളില്‍ ഒരാളുടെ പിതാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. എള്ളുമന്ദം സ്വദേശികളായ വേങ്ങാരം കുന്ന് പുത്തലത്ത് നിനോജ്(40), മൂലപ്പീടിക പാലക്കാളിൽ അനൂപ് (33) ,മൂലപ്പീടിക ചേനാത്തൂട്ട് അനീഷ് (38), മൂലപ്പീടിക ചേനാത്തൂട്ട് ബിനീഷ് (41), വേങ്ങാരം കുന്ന് പള്ളിക്കൽ അജീഷ് (40) എന്നിവരാണ് കീഴടങ്ങിയത്. 

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വെള്ളമുണ്ട സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. വെള്ളമുണ്ട സി.ഐ. എം.എ. സന്തോഷിൻറെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു. പോലീസ് ഇവരെ നിരീക്ഷിക്കും.14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം. നിരീക്ഷണം പൂർത്തിയാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

മെയ് എട്ടിന് മുതിരേരിയിൽ വെച്ചായിരുന്നു  കേസിനാസ്പദമായ സംഭവം. വിദ്യാർഥിനികളായ രണ്ട് യുവതികൾ വൈകുന്നേരം അഞ്ചരയോടെ പുഴക്കടവിൽ കുളിക്കാനെത്തി. അതേ സമയം പുഴയുടെ അക്കരെ കൂട്ടം കൂടിയിരുന്ന ഒരു സംഘം   യുവതികളെ അസഭ്യം പറയുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഇത് യുവതികൾ ചോദ്യം ചെയ്തതോടെ ബഹളമായി. കൂട്ടത്തിലൊരാൾ യുവതികളെ അശ്ലീലം പറഞ്ഞു. മറ്റൊരാൾ സംഭവം പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തി ചോദ്യം ചെയ്ത യുവതികളിലൊരാളുടെ പിതാവിനെ സംഘം മർദിക്കുകയും ചെയ്തു. മർദനത്തിൽ ഇദ്ദേഹത്തിന്റെ ഒരു പല്ല് പൊഴിഞ്ഞു. പിറ്റേ ദിവസം  മാനന്തവാടി പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. തുടർന്ന് യുവതികൾ വനിതാ കമ്മിഷനെ സമീപിക്കുകയും  വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ചെയ്തു. യുവതികളെ അപമാനിച്ചതിനും, പിതാവിനെ മർദ്ദിച്ചതിനുമാണ് പ്രതികൾക്ക് നേരെ കേസ്സെടുത്തത്.  പ്രതികൾക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചു പേരും തിങ്കളാഴ്ച രാത്രി കീഴടങ്ങിയത്.

"

click me!