കുഞ്ചത്തൂർ: കാസർകോട്ട് വൻ കഞ്ചാവ് വേട്ട. പഴം നിറച്ച വണ്ടിയെന്ന വ്യാജേന കർണാടകയിൽ നിന്ന് വന്ന പിക്കപ്പ് വാനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് 108 കിലോ കഞ്ചാവാണ്. 54 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചെക്ക് പോസ്റ്റിൽ നിന്ന് അതിവേഗം പാഞ്ഞ വണ്ടിയെ ഏറെ ദൂരം പിന്തുടർന്നാണ് പൊലീസ് പിടിച്ചത്.
വൈകിട്ടോടെയാണ് വാഴപ്പഴം നിറച്ച ഒരു പിക്കപ്പ് വാൻ കാസർകോട്ടെ കേരള - കർണാടക അതിർത്തിയിൽ എത്തിയത്. ആദ്യം ഇത് പരിശോധിക്കാനായി വണ്ടി നിർത്താൻ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മറ്റ് വണ്ടികൾ പരിശോധിക്കുന്നതിനിടെ, നിർത്തിയ പിക്കപ്പ് വാൻ ഡ്രൈവർ അതിവേഗം ഓടിച്ച് പോകുകയായിരുന്നു.
ഇതോടെ പൊലീസ് സംഘവും ഈ വാഹനത്തിന് പിന്നാലെ വച്ച് പിടിച്ചു. അതിവേഗം പോയ പിക്കപ്പ് വാനിനെ ഏതാണ്ട് ഒമ്പത് കിലോമീറ്ററോളം പിന്തുടരേണ്ടി വന്നു പൊലീസ് സംഘത്തിന്. പല ഊടുവഴികളിലൂടെയും വണ്ടിയോടിച്ച് ഒടുവിൽ കുഞ്ചത്തൂരിനടുത്ത് വണ്ടി നിർത്തി പിക്കപ്പ് വാനിലെ ഡ്രൈവറടക്കമുള്ളവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ പൊലീസ് സംഘത്തിന് കാണാനായത് വണ്ടിയിൽ അടുക്കി നിറച്ച് വച്ച കഞ്ചാവ് പാക്കറ്റുകളാണ്.
വാഴപ്പഴത്തിന്‍റെ താഴെയായി കഞ്ചാവിന്‍റെ പാക്കറ്റുകൾ അടുക്കി വച്ചിരിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധരെത്തി പാക്കറ്റുകളെല്ലാം അളന്ന് തൂക്കം നോക്കിയപ്പോഴാണ് 108 കിലോ ഉണ്ടെന്ന് കണ്ടെത്തിയത്.
വണ്ടി കർണാടക റജിസ്ട്രേഷനിലുള്ളതാണ്. ഊടുവഴികളെല്ലാം കൃത്യമായി അറിയാവുന്നവരായതിനാൽ തദ്ദേശീയരോ, ഈ വഴികൾ നന്നായി പരിചയമുള്ളവരോ ആകാം കടത്തിന് പിന്നിലെന്നാണ് സംശയം. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam