
ഭരത്പുര്‍ (രാജസ്ഥാന്‍): രാജകുടുംബാംഗവും എംഎല്‍എയുമായിരുന്ന രാജാ മാന്‍സിംഗിന്റെ കൊലപാതകക്കേസില്‍ 33 വര്‍ഷത്തിന് ശേഷം സിബിഐ കോടതി വിധി പുറപ്പെടുവിച്ചു. മുന്‍ ഡെപ്യൂട്ടി എസ്പിയടക്കം 11 പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകക്കേസില്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. 18 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണക്കിടെ നാല് പേര്‍ മരിച്ചു. മൂന്ന് പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കാന്‍ സിംഗ് ഭാട്ടിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ ഡെപ്യൂട്ടി എസ്പി. 1985ലാണ് രാജാ മാന്‍സിംഗ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ഭരത്പൂരിലെ അവസാന രാജാവ് മഹാരാജാ സാവായി വ്രിജേന്ദ്രസിംഗിന്റെ ഇളയ സഹോദരനായിരുന്നു രാജാ മാന്‍സിംഗ്. ഡീഗ് മണ്ഡലത്തില്‍ നിന്ന് ഏഴുതവണ സ്വതന്ത്ര എംഎല്‍എയായ മാന്‍സിംഗ് ഇംഗ്ലണ്ടില്‍നിന്നാണ് ബിരുദം നേടിയത്. 1952 മുതല്‍ 1984 വരെയാണ് അദ്ദേഹം എംഎല്‍എയായത്. രാജസ്ഥാനിലെ കഴിഞ്ഞ ബിജെപി സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായിരുന്നു മാന്‍സിംഗിന്റെ മകള്‍ കൃഷ്‌ണേന്ദ്ര കൗര്‍ ദീപ.
1985 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായിരുന്ന ശിവ് ചരണ്‍ മാഥൂറിന്റെ ഹെലികോപ്ടന്‍ കേടായതിന് ശേഷമുണ്ടായ കലാപത്തെ തുടര്‍ന്നാണ് മാന്‍സിംഗും അദ്ദേഹത്തിന്റെ രണ്ട് അനുയായികളും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.
മാന്‍സിംഗിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അംഗവുമായ വിജേന്ദ്ര സിംഗിന്റെ പ്രചാരണാര്‍ത്ഥമാണ് മുഖ്യമന്ത്രി ഡീഗില്‍ എത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാന്‍സിംഗിന്റെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ഇതറിഞ്ഞ മാന്‍സിംഗ് അനുയായികളുമായി ജീപ്പില്‍ യോഗസ്ഥലത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലായ മാന്‍സിംഗും സംഘവും മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ ജീപ്പുകൊണ്ടിടിച്ചു. സുരക്ഷാ സംഘമാണ് മുഖ്യമന്ത്രിയെ സ്ഥലത്തുനിന്ന് നീക്കിയത്.
രാജാ മാന്‍സിംഗിന്റെ കൊലപാതകം: രാജസ്ഥാനെ പിടിച്ചുകുലുക്കിയ എന്‍കൗണ്ടര്‍ കേസ്, സംഭവമിങ്ങനെ
ഫെബ്രുവരി 21ന് ദീഡില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പൊലീസില്‍ കീഴടങ്ങാനായി പോയ മാന്‍സിംഗിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. മാന്‍സിംഗിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളായ താക്കൂര്‍ സുമര്‍ സിംഗ്, താക്കൂര്‍ ഹരി സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മരണമായിരുന്നു മാന്‍സിംഗിന്റേത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam