മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് ദിവസത്തിനിടെ പിടിച്ചത് രണ്ടര കിലോയിലേറെ

By Web TeamFirst Published Apr 4, 2021, 12:04 AM IST
Highlights

രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് ദിവസത്തിനിടെ പിടികൂടിയത്. ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം. 

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് ദിവസത്തിനിടെ പിടികൂടിയത്. ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം. മലയാളികൾ അടക്കം മൂന്നു പേരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

ഇന്നലെ മംഗളൂരു ഉള്ളാൾ സ്വദേശി മുഹമ്മദ് ആഷിഫിൽ നിന്ന് പിടികൂടിയത് 92 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ സ്വർണം. പുലർച്ചെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയപ്പോഴാണു ഇയാളെ അറസ്റ്റ് ചെയ്തത്. രാസവസ്തു ചേർത്ത് പശ രൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീൻസ് എന്നിവയിൽ ഒളിപ്പിച്ചാണ് കടത്തിയത്. 

ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൾ സലാം മാണിപ്പറമ്പ്, ദുബായിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷറഫ് എന്നിവരാണു പിടിയിലായ മലയാളികൾ. കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് എത്തിയത്. 

ജീൻസിന്റെയും ഷർട്ടിന്റെയും ബട്ടൺ, ഷൂസിനക്ക് ഒളിപ്പിച്ച ചെയിൻ എന്നീ രൂപങ്ങളിലാണ് ഇവർ സ്വർണം കടത്തിയത്. മൊത്തം 26 ലക്ഷത്തിലധികം രൂപ വില വരുന്ന 576 ഗ്രാം സ്വർണം ഇവരിൽ നിന്നു പിടികൂടിയത്. സ്വർണ്ണക്കടത്ത് വ്യാപകമാണെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയെന്ന് കസ്റ്റെംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

click me!