
ബിഹാർ: കൂലിപ്പണിക്കാരന് ലഭിച്ചത് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്. ഉടൻ ഈ തുക അടയ്ക്കണമെന്നാണ് ഗിരീഷ് യാദവ് എന്ന ദിവസ വേതനക്കാരനായ തൊഴിലാളിക്ക് വന്ന നോട്ടീസ് വ്യക്തമാക്കുന്നത്. ഖഗാരിയ ജില്ലയിലെ മഘൗന ഗ്രാമവാസിയായ ഗിരീഷ് യാദവ്, പ്രതിദിനം 500 രൂപ കൂലി വാങ്ങി ജീവിക്കുന്നയാളാണ്. സ്വന്തമായി ഇത്രയും തുകയുടെ ആസ്തിയൊന്നും തനിക്കില്ലെന്നും ഗിരീഷ് പറയുന്നു. അപ്രതീക്ഷിതമായി വന്ന നോട്ടീസിൽ ഞെട്ടി, മാനസിക സംഘർഷത്തിലായ ഗിരീഷ്, തന്റെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരിക്കുകയാണിപ്പോൾ.
സംഭവത്തിൽ, ഗിരീഷ് പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രാഥമികമായ നിഗമനത്തിൽ ഇതൊരു തട്ടിപ്പാകാനാണ് കൂടുതൽ സാധ്യതയെന്നും അലൗലി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പുരേന്ദ്ര കുമാർ പറഞ്ഞു.
ഗിരീഷിന്റെ പേരിൽ അനുവദിച്ച പാൻ നമ്പറിനെതിരെയാണ് പരാതിക്കാരന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഒരിക്കൽ ദില്ലിയിൽ ചെറുകിട ജോലി ചെയ്യുന്നതിനായി ഒരു ഏജന്റ് വഴി പാൻ കാർഡ് ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഗിരീഷിന് പിന്നീട് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മാത്രമല്ല, രാജസ്ഥാൻ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ഗിരീഷിന് ബന്ധമുണ്ടെന്ന് നോട്ടീസിൽ പറയുന്നുണ്ട്. എന്നാൽ താൻ ഒരിക്കലും ആ സംസ്ഥാനത്തേക്ക് പോയിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നതായും പൊലീസ് പറയുന്നു. സ്വകാര്യ വിവരങ്ങളും രേഖകളും കൈക്കലാക്കി നടത്തിയ തട്ടിപ്പാകാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അതിന് ശേഷം മാത്രമേ വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ സാധിക്കൂ എന്നുമുള്ള നിലപാടിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam