
പട്ന: ബീഹാറിലെ ദർഭംഗയിലെ സർക്കാർ ആശുപത്രിയിൽ 25 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർഥിയെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ബിഎസ്‌സി (നഴ്‌സിംഗ്) രണ്ടാം വർഷ വിദ്യാർത്ഥിയായ രാഹുൽ കുമാറിനെയാണ് ഭാര്യയും ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയുമായ തനു പ്രിയയുടെ മുന്നിൽ വെച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. രാഹുലുമായുള്ള മിശ്ര വിവാഹം കഴിഞ്ഞതിനെ തുടർന്ന് തനുവിന്റെ കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ തനുവിന്റെ പിതാവ് പ്രേശങ്കർ ഝായെ രാഹുലിന്റെ സഹപാഠികൾ മർദ്ദിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലും തന്നുവും നാല് മാസം മുമ്പാണ് വിവാഹിതരായത്. ഒരേ ഹോസ്റ്റൽ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ഹുഡി ധരിച്ച ഒരാൾ രാഹുലിന്റെ അടുത്തേക്ക് വരുന്നത് കണ്ടതായും അപ്പോഴാണ് അത് തന്റെ അച്ഛനാണെന്ന് മനസ്സിലായതെന്നും തന്നു പറഞ്ഞു. അയാളുടെ കൈവശം ഒരു തോക്കുണ്ടായിരുന്നു.
എന്റെ കൺമുന്നിൽ വെച്ച് അയാൾ എന്റെ ഭർത്താവിന്റെ നെഞ്ചിൽ വെടിവച്ചു. ഭർത്താവ് എന്റെ മടിയിൽ വീണുവെന്നും തനു പറഞ്ഞു. തന്റെ അച്ഛൻ രാഹുലിനെ വെടിവച്ചുവെന്നും മുഴുവൻ കുടുംബവും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും തനു പറഞ്ഞു. വെടിവയ്പ്പിനുശേഷം, രാഹുലിന്റെ സുഹൃത്തുക്കളും മറ്റ് ഹോസ്റ്റൽ ജീവനക്കാരും ചേർന്ന് ഝയെ മർദ്ദിക്കുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാഹുലിന് നീതി ആവശ്യപ്പെട്ട് ജനക്കൂട്ടം രംഗത്തിറങ്ങി.
ദർഭംഗ ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാറും സീനിയർ പൊലീസ് സൂപ്രണ്ട് ജഗന്നാഥ് റെഡ്ഡിയും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വലിയൊരു സംഘം പോലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചു.