സമാനതകളില്ലാത്ത കേസ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗക്കേസ് നാൾവഴി

Published : Jan 14, 2022, 06:54 AM ISTUpdated : Jan 14, 2022, 11:04 AM IST
സമാനതകളില്ലാത്ത കേസ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗക്കേസ് നാൾവഴി

Synopsis

രാജ്യത്തെ കത്തോലിക്കാ സഭയേയും വിശ്വാസികളേയും ഒരേപോലെ കുഴക്കിയ കേസിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വിധി കാക്കുന്നത്. കേസിനേയും അന്വേഷണത്തെയും പരമാവധി പ്രതിരോധിക്കാൻ ബിഷപ്പ് ശ്രമിച്ചെങ്കിലും ഇരയായ കന്യാസ്ത്രീയടക്കം നിലപാടിൽ ഉറച്ചുനിന്നതാണ് നിർണായകമായത്.

കോട്ടയം: സമീപ കാല കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്. പല നാടകീയ മുഹൂർത്തങ്ങൾക്കും പൊതു സമൂഹം സാക്ഷിയായി. ബിഷപ്പിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് കഴിഞ്ഞ 6 വർഷമായി നേരിട്ടുകൊണ്ടിരിക്കുന്നത് അഗ്നിപരീക്ഷ തന്നെയായിരുന്നു. പരാതിയിൽ നിന്ന് പിന്തിരിയാൻ സഹോദരനെ കള്ളകേസിൽ കുടുക്കിയും സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തും വേട്ടക്കാർ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും കന്യാസ്ത്രീ പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദർ സുപ്പീരിയറിന് പരാതി നൽകുന്നത് 2018 മാര്‍ച്ച് 26ന്. സംഭവം ഒതുക്കാനുള്ള ആദ്യ ശ്രമം നടക്കുന്നത് ജൂണ്‍ 2നും. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. 21 ദിവസങ്ങൾക്ക് ശേഷം ജൂൺ 28നാണ് പൊലീസ് കേസിൽ എഫ്ഐആർ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നൽകി. 

ജൂലൈ 7ന് ദേശീയ വനിത കമ്മീഷന്‍റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി. 

ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്നായിരുന്നു കല്ലറങ്ങാട്ടിന്‍റെ മൊഴി. പിന്നാലെ കേസിൽ നിന്ന് പിൻമാറാൻ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശ്രമങ്ങളുണ്ടായി. 2018 ജൂലൈ 25ന് കേസിൽ നിന്ന് പിൻമാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ വെളിപ്പെടുത്തി. ജൂലൈ 30ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു. 

അതി നാടകീയ സംഭവവികാസങ്ങളാണ് പിന്നെ കണ്ടത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമുണ്ടായി. മാധ്യമപ്രവർത്തകർക്കെതിരെ വരെ കയ്യേറ്റമുണ്ടായി. ഒടുവിൽ ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിച്ചു നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്. ജലന്ധറിൽ വച്ച് ഉദ്ദേശിച്ച രീതിയിൽ ചോദ്യം ചെയ്യൽ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത് ഇതിന് ശേഷമാണ്. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു.

ഓഗസ്റ്റ് 28ന് തന്നെ വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബർ പത്തിന് കേസിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സെപ്റ്റംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു. 

2018 സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്.  21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ അറസ്റ്റിലായത്.

2018 സെപ്റ്റംബർ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബർ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്‌സിന്‍റെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഏപ്രില്‍ 9ന് കുറ്റപത്രമായി. 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി. ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി. നവംബർ അഞ്ചിന് ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി.

2021 ഡിസംബര്‍ 29ന് വാദം കേസിൽ വാദം പൂര്‍ത്തിയായി. 2022 ജനുവരി 10ന് കേസിന്‍റെ വിധി ജനുവരി 14ന് പറയാൻ കോടതി തീരുമാനിച്ചു. കോട്ടയം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് കേസിൽ വിധി പറയുക. 


ഫ്രാങ്കോയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ

  • മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം (കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )
  • ആവർത്തിച്ചുള്ള ബലാൽസംഗം ( കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )
  • അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം ( കുറഞ്ഞ ശിക്ഷ അഞ്ച് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ പത്ത് വർഷം വരെ കഠിനതടവ് )
  • പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ( കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )
  • അന്യായമായ തടഞ്ഞുവെയ്ക്കൽ ( ഒരുവർഷം വരെ തടവും പിഴയും )
  • സ്ത്രീകൾക്കെതിരായ അതിക്രമം ( രണ്ട് വർഷം വരെ തടവും പിഴയും )
  • ഭീഷണിപ്പെടുത്തൽ ( ഏഴ് വർഷം വരെ ജയിൽശിക്ഷ )


ആകെ 83 സാക്ഷികളാണ് കേസിലുള്ളത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ഭഗൽപൂർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും 25 കന്യാസ്ത്രീകളും, 11 വൈദീകരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടങ്ങുന്നതാണ് സാക്ഷി പട്ടിക.  ആകെ 122 തെളിവുകൾ ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മഠത്തിലെ സന്ദർശക രജിസ്റ്റർ അടക്കം അനുബന്ധ രേഖകളും. 

ഇനി കാത്തിരിപ്പ് വിധിക്കായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം
3 മാസത്തെ ആസൂത്രണം, കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയപ്പോൾ പദ്ധതി നടപ്പാക്കി, കവർന്നത് അരക്കിലോ സ്വർണം; 4 പേർ അറസ്റ്റിൽ