വിവാഹം ചെയ്തത് ഗള്‍ഫുകാരന്‍റെ മകളായതിനാല്‍, സ്ത്രീധനത്തിനായി നിരന്തരം മര്‍ദ്ദിച്ചു; വിസ്മയ കേസില്‍ സാക്ഷിമൊഴി

By Web TeamFirst Published Jan 14, 2022, 6:38 AM IST
Highlights

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്

ഗള്‍ഫുകാരന്‍റെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരൺ (Kiran Kumar ) പറഞ്ഞതായി വിസ്മയ. കൊല്ലത്തെ വിസ്മയ കേസിലെ (Vismaya suicide case) വിചാരണയ്ക്കിടെ സഹോദര ഭാര്യയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരൺകുമാറില്‍ നിന്ന് വിസ്മയ നിരന്തരം മർദ്ദനത്തിന് ഇരയായിരുന്നുവെന്നാണ് സാക്ഷി മൊഴി. മർദ്ദനത്തെ (Dowry Death) പറ്റിയുളള വിസ്മയയുടെ വാട്സാപ്പ്  സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു

കിരൺകുമാർ സ്ത്രീധനത്തിനു വേണ്ടിയാണ് വിസ്മയയെ മർദ്ദിച്ചത് എന്ന സൂചനയാണ് വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടർ രേവതി കോടതിയിൽ നൽകിയ മൊഴിയിൽ ഉള്ളത്. ഗൾഫുകാരന്റെ മകളായതു കൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് തന്നെ വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ സഹോദര ഭാര്യയെ അറിയിച്ചിരുന്നു. കിരൺ തുടർച്ചയായി മർദ്ദിച്ച കാര്യം വെളിപ്പെടുത്തി വിസ്മയ അയച്ച വാട്സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നിൽ ഡോക്ടർ രേവതി തിരിച്ചറിഞ്ഞു. കിരൺ ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നെന്നും ഡോ രേവതി കോടതിയിൽ പറഞ്ഞു. അവസാന നാളുകളിൽ താനുമായി ആശയവിനിമയം നടത്താതിരിക്കാൻ വിസ്മയയുടെ ഫോണിൽ കിരൺ തന്റെ നമ്പർ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടർ രേവതി കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോ‍ർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. 

click me!