
ഭോപ്പാൽ: മേഘാലയിൽ ഹണിമൂൺ ആഘോഷത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിൽ പൊലീസ് വേഷത്തിലെത്തി അന്വേഷണം നടത്തിയ യുവാവ് അറസ്റ്റിൽ. രാജ്യത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട മേഘാലയ ഹണിമൂൺ കൊലപാതകത്തിൽ ഇരയായ രാജാ രഘുവൻശിയുടെ വീട്ടിലാണ് പൊലീസിൽ നിന്നാണെന്ന പേരിൽ യുവാവ് എത്തിയത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ ബജ്രംഗ് ലാൽ അറസ്റ്റിലായി. രാജാ രഘുവൻശിയുടെ സുഹൃത്ത് എന്ന് അവകാശപ്പെട്ടാണ് യുവാവ് പൊലീസ് വേഷത്തിൽ വീട്ടിലെത്തിയത്. രാജയുടെ മരണത്തിന് പിന്നാലെ ഇൻഡോറിലെ വീട്ടിലേക്ക് എത്തുന്നത് നിരവധിപ്പേരാണ്. എന്നാൽ ഇത്തരത്തിൽ ഒരാൾ എത്തുന്നത് ആദ്യമാണെന്നാണ് വീട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. റെയിൽവേ പൊലീസ് വേഷത്തിലാണ് യുവാവ് വ്യാഴാഴ്ച രാജയുടെ വീട്ടിലെത്തിയത്. എസ്എച്ച്ഒയാണെന്നും ദുഖം പ്രകടിപ്പിക്കാനാണ് എത്തിയതെന്നുമാണ് ഇയാൾ മൊഴി നൽകിയത്. രാജയേക്കുറിച്ച് നിരവധി ഓർമ്മകൾ സംസാരിച്ച് ഉറ്റവരേക്കൊണ്ട് രാജയുടെ മരണത്തേക്കുറിച്ച് സംസാരിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കെ യുവാവ് പറഞ്ഞ ഒരു പരാമർശമാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണമായത്.
2021ൽ കൊവിഡ് ലോക്ക്ഡൗണിന് ഇടയിൽ ഉജ്ജെയിനിലെ മഹാകാൽ ക്ഷേത്രത്തിൽ വച്ചാണ് രാജയുമായി ചങ്ങാത്തത്തിലായെന്നാണ് യുട്യൂബർ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ രാജ കൊവിഡ് കാലത്ത് വീടിന് പുറത്ത് പോയിരുന്നില്ലെന്ന് ബന്ധുക്കൾ ഓർത്തെടുത്തതാണ് യുവാവിന്റെ തട്ടിപ്പ് കഥ പൊളിയാൻ കാരണമായത്. ഹണിമൂൺ കൊലപാതകത്തിൽ തന്റേതായ ഗൂഡാലോചന കഥ തയ്യാറാക്കാനായിരുന്നു രാജയുടെ വീട്ടിലെത്തിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. ഇത് ആദ്യമായല്ല ഇയാൾ പൊലീസ് വേഷം കെട്ടുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. രാജയുടെ അമ്മയായിരുന്നു തട്ടിപ്പുകാരൻ വീട്ടിലെത്തിയപ്പോൾ ഇൻഡോറിലെ വീട്ടിലുണ്ടായിരുന്നത്.
മെയ് മാസത്തിലാണ് ഹണിമൂൺ യാത്രയിൽ രാജ രഘുവൻശി മേഘാലയയിൽ കൊല്ലപ്പെട്ടത്. ഭാര്യ സോനവും ആൺസുഹൃത്തായ രാജ് കുശ്വഹയും ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. ജൂൺ 2നാണ് രാജയുടെ മൃതദേഹം മേഘാലയയിലെ മലയിടുക്കിൽ നിന്ന് കണ്ടെത്തിയത്. ഷില്ലോങ് ജയിലിലാണ് സോനം നിലവിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം