മോദിയുടെ സത്യപ്രതിജ്ഞ ആഘോഷിച്ച ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ തൃണമൂലെന്ന് ആരോപണം

By Web TeamFirst Published May 30, 2019, 7:25 PM IST
Highlights

സംഭവത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ നേതൃത്വം വിശദീകരിച്ചു.

കൊല്‍ക്കത്ത: ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് കേതുഗ്രാം എന്ന സ്ഥലത്തുവച്ച് ബിജെപി പ്രവര്‍ത്തകന്‍ സുശീല്‍ മണ്ഡല്‍(50) കൊല്ലപ്പെട്ടത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ ആഘോഷമായി ബിജെപി കൊടിയും നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ആലേഖനം പോസ്റ്ററുകളുമായി പോകുന്ന പ്രവര്‍ത്തകനുനേരെയാണ് ആക്രമണമുണ്ടായത്. 
സംഭവത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി.

എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ നേതൃത്വം വിശദീകരിച്ചു. പ്രതികളെ തിരിച്ചറിയാന്‍ നടപടി സ്വീകരിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ബിജെപി നേതൃത്വം രാഷ്ട്രീയ നിറം നല്‍കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപി തോല്‍പ്പിച്ചതാണ് ആക്രമണ കാരണമെന്ന് ബിജെപി നേതാക്കളും ആരോപിച്ചു. ബര്‍ദ്വാനില്‍ 2439 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. 

തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതായി ബിജെപി ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ 51 ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തെ മോദിയുടെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു. 

click me!