
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി നടത്തിയ ബന്ദിനിടെ ബംഗാളിൽ കാണാതായ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേയ്ക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
തൃണമൂൽ ബിജെപി സംഘർഷത്തിൽ മരിച്ച ബിജെപി പ്രവർത്തകന്‍റെ മൃതദേഹം സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാർട്ടി പാർട്ടി ഓഫീസിലേക്കെത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ബിജെപി തിങ്കളാഴ്ച ബന്ദ് നടത്തിയത്.
ബന്ദിനിടെ മാള്‍ഡയിൽ കാണാതായ ആഷിഖ് സിങ്ങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെയോടെയാണ് മാള്‍ഡയ്ക്ക് സമീപം പാടത്തിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. ദേഹത്താസകലം മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് എംപി അര്‍ജ്ജുൻ സിങ്ങിന്‍റെ നേതൃത്വത്തിലാണ് പൊലീസ് അസ്ഥാനത്തേയ്ക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബിജെപി പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെയാണ് മാർച്ച് അക്രമാസക്തമായത്. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി. കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.
ഒരാഴ്ചയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ 6 പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രത്തിന് ഗവര്‍ണര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഗവര്‍ണറെ മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam