
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നെന്ന് ശബ്ദസന്ദേശം. മരിക്കുന്നതിന് തൊട്ടുമുൻപ് കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മകനയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. അയൽവാസിയിൽ നിന്ന് വാങ്ങിയ പതിനയ്യായിരം രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടരുന്നതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇക്കഴിഞ്ഞ ഏപ്രിൽ ആറാം തീയതിയാണ് കുറ്റിക്കാട്ടൂർ സ്വദേശിയും പട്ടികജാതി വിഭാഗക്കാരനുമായ കൃഷ്ണൻ ജോലി സ്ഥലത്ത് തൂങ്ങിമരിച്ചത്. പ്രദേശവാസിയായ ഷൈജുവിൽ നിന്നും ഒരു വർഷം മുൻപ് പതിനയ്യായിരം രൂപ കൃഷ്ണൻ കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകിയിട്ടും പലിശയും കൂട്ടുപലിശയും ചേർത്ത് വൻ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മരിക്കുന്നതിന് തൊട്ടുമുൻപ് മകനയച്ച കൃഷ്ണന്റെ ശബ്ദ സന്ദേശം.
ക്രൈംബ്രാഞ്ച് സംഘമെന്ന വ്യാജേന രണ്ട് പേർ കൃഷ്ണനെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന് കുടുംബവുംആരോപിച്ചു. 15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം രൂപ തിരികെ ചോദിച്ചെന്നാണ് ആരോപണം. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസ്. കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ കൃഷ്ണന്റെ ഫോണ്‍ രേഖകൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam