തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ തുടരണോ എന്നതിൽ തീരുമാനമെടുക്കാൻ എംഡിഎംകെ നിർണായക യോഗം ചേരുന്നു.
ചെന്നൈ : തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന. ഡിഎംകെ സഖ്യത്തിൽ തുടരണോ എന്നതിൽ തീരുമാനമെടുക്കാൻ എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ നിർണായകമായ രണ്ട് ദിവസത്തെ ഉന്നതതല നേതൃയോഗം ആരംഭിച്ചു. ഡിഎംകെയ്ക്ക് വലിയ തിരിച്ചടി നൽകിയ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായി മാറുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെ പാർട്ടി അടിയന്തര യോഗം. ജൂൺ 27-ന് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിന് ശേഷമായിരിക്കും ഡിഎംകെയിൽ തുടരണോ എന്നതിൽ അന്തിമ പ്രഖ്യാപനം നടത്തുക.
യോഗത്തിൽ ഡിഎംകെ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണ് വൈക്കോ വിമർശനം ഉന്നയിച്ചത്. വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത, അണികളില്ലാത്ത മറ്റ് പാർട്ടികൾക്ക് പോലും 10 സീറ്റുകളും രാജ്യസഭാ എംപി സ്ഥാനവും ഡിഎംകെ നൽകിയപ്പോൾ എംഡിഎംകെയെ പൂർണ്ണമായി അവഗണിച്ചുവെന്ന് വൈക്കോ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പോലും അനുവാദം നൽകാതെ, ഡിഎംകെയുടെ 'ഉദയസൂര്യൻ' ചിഹ്നത്തിൽ മത്സരിക്കാൻ നിർബന്ധിതരാക്കിയത് പാർട്ടിയുടെ അസ്തിത്വത്തെ ബാധിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം പിടിച്ചതോടെ തമിഴ് രാഷ്ട്രീയത്തിൽ ഡിഎംകെ വലിയ രീതിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം ഇതിനോടകം തന്നെ ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ മുന്നണിക്കൊപ്പം ചേർന്നിട്ടുണ്ട്. വൈക്കോ അടുത്തിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നതിനാൽ, ഈ നേതൃയോഗത്തോടെ എംഡിഎംകെയും ഔദ്യോഗികമായി ടിവികെ സഖ്യത്തിലേക്ക് മാറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.


