അമ്മയെയും മൂന്നാഴ്ച പ്രായമായ കുഞ്ഞിനെയും കാണാതായ കേസില്‍ വന്‍ വഴിത്തിരിവ്; കൂട്ടുകാരി അറസ്റ്റില്‍

By Web TeamFirst Published Dec 21, 2019, 8:39 PM IST
Highlights

അതേ സമയം 33 കാരിയായ ഹീഡിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ കൂട്ടുകാരി മെഗന്‍ ഫിറാംസ്ക്ക എന്ന 33 കാരിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്സാസില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ കേസില്‍ വന്‍ വഴിത്തിരിവ്. കാണാതായ അമ്മ ഹീഡി ബ്രൊസാഡിനെ ഡിസംബര്‍ 19ന് ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട ഇവരുടെ മൃതദേഹം കാറിന്‍റെ ഡിക്കില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുട്ടിയെ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് അടുത്തുള്ള വീട്ടില്‍ നിന്നും കണ്ടെത്തി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം 33 കാരിയായ ഹീഡിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ കൂട്ടുകാരി മെഗന്‍ ഫിറാംസ്ക്ക എന്ന 33 കാരിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഹീഡി ബ്രൊസാഡിന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകം എങ്ങനെ നടന്നു എന്നത് പൊലീസ് വ്യക്തമാക്കുന്നില്ല. അതേ സമയം ഈ ഗൂഡാലോചനയിൽ ഹീഡിയുടെ ഭർത്താവിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മെഗനെ കോടതിയിൽ ഹാജരാക്കി. ഇവർക്ക് 600,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഡിസംബര്‍ 12ന് മകനെ  സ്കൂളിൽ രാവിലെ ഇറക്കിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതിയെയും  മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതാകുകയായിരുന്നു. ഓസ്റ്റിനിലെ കവൻ എലിമെന്ററി സ്കൂളിൽ നിന്നു തിരിച്ചെത്തിയ ശേഷമാണ് ഇവരെ കാണാതായത്. വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ഇത് പൊലീസിനെ പ്രരംഭ അന്വേഷണത്തില്‍ കുഴക്കിയിരുന്നു.

മെഗനും ഇയാളുടെ ജീവിതപങ്കാളിയും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിക്കുന്നുവെന്നും അതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അനുമാനം.  ഹീഡി ഗർഭിണിയായിരുന്നപ്പോൾ മെഗന്‍ ഫിറാംസ്ക്കയും ഗർഭിണിയായിരുന്നുവെന്നു വ്യാജമായി പ്രചരിപ്പിച്ചിരുന്നു എന്ന് ഇവരുടെ അടുത്തവര്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.

click me!