ബോയ്‌സ് ചാറ്റ് റൂം സംഭവം: വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നെന്ന് അവകാശവാദവുമായി യുവാവ്

By Web TeamFirst Published May 8, 2020, 9:28 PM IST
Highlights

സുഹൃത്തായ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലെ ഒരു ഗ്രൂപ്പില്‍ പ്രചരിക്കുന്നത് മനസിലാക്കി ഗ്രൂപ്പിനെ പിന്തുടരുകയായിരുന്നുവെന്നാണ്  യുവാവിന്റെ വെളിപ്പെടുത്തല്‍.

ദില്ലി: ദില്ലിയിലെ വിവാദമായ ബോയ്‌സ് ചാറ്റ് റൂം സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നെന്ന അവകാശവാദവുമായി യുവാവ് രംഗത്തെത്തി. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മൂന്ന് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചു.

പ്രായപൂര്‍ത്തിയാവാത്ത ആറ് വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ഇരുപത്തിയഞ്ചിലധികം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ്  സംഭവം പുറത്തു കൊണ്ടു വന്നത് താനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്തെത്തിയത്.

സുഹൃത്തായ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലെ ഒരു ഗ്രൂപ്പില്‍ പ്രചരിക്കുന്നത് മനസിലാക്കി ഗ്രൂപ്പിനെ പിന്തുടരുകയായിരുന്നുവെന്നാണ്  യുവാവിന്റെ വെളിപ്പെടുത്തല്‍. അന്വേഷണത്തില്‍ സമാനരീതിയില്‍ നിരവധി പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടതായി മനസ്സിലായി. ഇതില്‍ ചില പെണ്‍കുട്ടികളെ കണ്ടെത്തി അവരെ കൂടി ഉള്‍പ്പെടുത്തി
മറ്റൊരു ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് ബോയ്‌സ് ലോക്കര്‍ റൂമില്‍ നടന്ന ചാറ്റുകളുടെ വിവരം പുറത്തു വിടാനും പൊലീസില്‍ പരാതിപ്പെടാനും പെണ്‍കുട്ടികള്‍ തീരുമാനമെടുത്തതെന്നാണ് യുവാവിന്റെ അവകാശവാദം. 

വിവാദം കനത്തതോടെ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മൂന്ന് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകരായ കൗസ്തുഭ് പ്രകാശ്, ആനന്ദ് വര്‍മ, ശുഭാംഗി ജയിന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ബോയ്‌സ് ലോക്കര്‍ റൂമിന് സമാനമായി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ക്യാമ്പസില്‍ സജീവമാണെന്ന വെളിപ്പെടുത്തലുമായി കൊല്‍ക്കൊത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ചില പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. 

സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. വിവാദത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

click me!