കളമശ്ശേരിയിൽ പതിനേഴുകാരനെ സുഹൃത്തുക്കൾ മർദ്ദിച്ച സംഭവം; ഏഴു പേർക്കെതിരെ കേസെടുത്തു

By Web TeamFirst Published Jan 24, 2021, 12:22 AM IST
Highlights

അറസ്റ്റിലായവരില്‍ ആറു പേരും പ്രായ പൂർത്തിയാകാത്തവരാണ്. ലഹരി ഉപയോഗം പുറത്തു പറഞ്ഞതിനായിരുന്നു മർദ്ദനം.

കൊച്ചി: കളമശ്ശേരിയിൽ പതിനേഴുകാരനെ സുഹൃത്തുക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഏഴു പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായവരില്‍ ആറു പേരും പ്രായ പൂർത്തിയാകാത്തവരാണ്. ലഹരി ഉപയോഗം പുറത്തു പറഞ്ഞതിനായിരുന്നു മർദ്ദനം.

മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. 
സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയിരുന്നു. പ്രായ പൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറു പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.
 

click me!