
തിരുവനന്തപുരം: നേമം പെരിങ്ങമലയിൽ കുടുംബസ്വത്തിനെ ചൊല്ലി സഹോദരങ്ങൾ കൂട്ടത്തല്ല് നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തറവാട് നിൽക്കുന്ന ഭൂമിയിൽ ഇളയ സഹോദരൻ മതിൽ കെട്ടിയത് മറ്റ് സഹോദരങ്ങൾ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സ്ത്രീകളടക്കമുളളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
കഴിഞ്ഞമാസം 14-നായിരുന്നു സംഭവം. അച്ഛനമ്മമാരുടെ മരണത്തിന് ശേഷം തറവാട് നിന്നിരുന്ന ആറ് സെന്റ് ഭൂമിയുടെ അവകാശത്തെ ചൊല്ലി ഒൻപത് മക്കളും തമ്മിൽ തർക്കത്തിലായിരുന്നു. ഏഴാമത്തെ മകനായ നടേശൻ ഈ ഭൂമിയോട് ചേർന്ന് മതിൽ കെട്ടിത്തുടങ്ങി.
ഭൂമി തട്ടിയെടുക്കാൻ നടേശൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇതോടെയാണ് തൊട്ടടുത്ത താമസിക്കുന്ന സഹോദരി സുജാതയും മറ്റ് ബന്ധുക്കളും രംഗത്തെത്തിയത്. രണ്ടു കൂട്ടരും തമ്മിലുളള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.
സുജാത, സഹോദരി വനജ, ബന്ധുവായ ചന്ദ്രൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. നടേശനും മക്കൾക്കുമെതിരെ സുജാതയും സുജാതക്കും മറ്റ് സഹോദരങ്ങൾക്കുമെതിരെ നടേശനും നേമം പൊലീസ് സ്റ്റേഷനിൽ അന്നു തന്നെ പരാതി നൽകി.
എന്നാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സുജാത ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. കുടുംബപ്രശ്നമായതിനാൽ ഒത്തുതീർപ്പ് സാധ്യത പരിശോധിക്കുകയാണെന്നാണ് നേമം പൊലീസിന്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam