
തിരുവനന്തപുരം: ചിറയിൻകീഴിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അർജുനെതിരെ തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ, ആത്മഹത്യ പ്രേരണ കുറ്റങ്ങള്‍ ചമുത്തി പൊലീസ് കേസെടുത്തത്. യുവാവിന്റെ ശല്യം കാരണമാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച പിറ്റേദിവസം പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം 20ന് ആറു മണിയ്ക്കാണ് പതിനാറ് വയസുകാരിയായ രാഖിശ്രീയെ വീട്ടിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും രാഖിശ്രീക്ക് എ പ്ലസ് കിട്ടിയിരുന്നു. പരീക്ഷാ ഫലം വന്നതിന്‌റെ സന്തോഷത്തിൽ നാട്ടുകാരുടേയും സ്കൂളിന്‍റേയും അനുമോദനം ഏറ്റുവാങ്ങി അയൽവാസികൾക്കും കൂട്ടുകാർക്കും മധുരവും വിതരണം ചെയ്ത് പൂര്‍ണ സന്തോഷവതിയായിരുന്ന രാഖിശ്രീയുടെ ആത്മഹത്യ നാട്ടുകാരേയും സുഹൃത്തുക്കളേയും അധ്യാപകരേയും വേദനയിലാഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി അർജുനെതിരെ രാഖിയുടെ കുടുംബം രംഗത്ത് വന്നത്. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറ് മാസം മുമ്പ് ഒരുക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലിങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ രാജീവൻ പറഞ്ഞു.
അടുത്തിടെ വിദേശത്തേക്ക് പോയ യുവാവ് കഴിഞ്ഞയാഴ്ച തിരിച്ചെത്തി വീണ്ടും ഭീഷണി തുടങ്ങി. ഈമാസം 15ന് ബസ് സ്റ്റോപ്പിൽവച്ച് ഒപ്പം വന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. ഇയാൾക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പ്, ജയിൽവാസം, മോചനം; ഒടുവിൽ ഫ്രാങ്കോയുടെ രാജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam