വേൽമുരുകന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ

By Web TeamFirst Published Nov 5, 2020, 12:46 AM IST
Highlights

മാവോയിസ്റ്റ് വേൽമുരുകന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ.

കോഴിക്കോട്: മാവോയിസ്റ്റ് വേൽമുരുകന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ. തൊട്ടടുത്ത് നിന്ന് വെടിവെച്ചതാണെന്നും ശരീരം നിറയെ വെടിയേറ്റ പാടുകളുണ്ടെന്നും കോഴിക്കോട്ടെത്തിയ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മധുരയിൽ നിന്ന് എത്തിയ സഹോദരനെയും അമ്മയെയും ആദ്യം വേൽമുരുകന്റെ മുഖം മാത്രമാണ് കാണിച്ചത്. പിന്നീട് പ്രതിഷേധിച്ചപ്പോഴാണ് ശരീരത്തിലെ തുണി നീക്കി keണിച്ചത്. നിറയെ മുറിവുകളുണ്ടെന്നും ഏറ്റുമുട്ടലായി കാണാനാവില്ലെന്നും സഹോദരൻ പറഞ്ഞു.

ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം തമിഴ് നാട്ടിലേക്ക് കൊണ്ട് പോയി സംസ്കരിക്കും. നൂറിലേറെ പൊലീസുകാരുടെ സുരക്ഷയിലാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം കാണണമെന്നാവശ്യപ്പെട്ടെത്തിയ ടി സിദ്ദിഖടക്കമുള്ള കോൺഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ച് നീക്കി. പ്രശ്നത്തിൽ സർക്കാർ പലതും ഒളിച്ച് വെക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംഭവം നടന്ന് 30 മണിക്കൂറിന് ശേഷം ഇന്ന് സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചു. റിപ്പോർട്ടമാരെ മാറ്റിനിർത്തി ക്യാമറയക്ക് മാത്രമാണ് പ്രവേശനം നൽകിയത്. സംഭവസ്ഥലത്ത് ഫോറൻസിക് ബാലിസ്റ്റിക് വിദഗ്ദർ പരിശോധന നടത്തി. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി തണ്ടർ ബോൾട്ട് സേനാംഗങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തി. 

രണ്ട് ക്രൈംബ്രാഞ്ച് എസ്പിമാർ ബാണാസുര വനത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. തണ്ടർബോൾട്ട് സംഘത്തിലെ അംഗങ്ങളുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സമർപ്പിക്കും.

click me!