'ഹിറ്റ്ലര്‍ സസ്യാഹാരി ആയിരുന്നു, ആളുകളെ ഭാവം വച്ച് മനസിലാക്കാനാവില്ല'; 26കാരന്‍റെ വധശിക്ഷ ശരിവച്ച് കോടതി

Published : Jan 14, 2022, 11:12 AM IST
'ഹിറ്റ്ലര്‍ സസ്യാഹാരി ആയിരുന്നു, ആളുകളെ ഭാവം വച്ച് മനസിലാക്കാനാവില്ല'; 26കാരന്‍റെ വധശിക്ഷ ശരിവച്ച് കോടതി

Synopsis

വീടിനടുത്തുള്ള ദളിത് വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. ജനവാസമില്ലാത്ത ഇടത്തേക്ക് ഏഴുവയസുകാരിയെ എത്തിച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു.  സമീപത്തുള്ള മരത്തില്‍ പെണ്‍കുട്ടിയുടെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ മുഖവും കഴുത്തു കുത്തിക്കീറിയ ശേഷം സമീപത്തുള്ള കുളത്തില്‍  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. 

ആളുകളെ ഭാവം നോക്കി തിരിച്ചറിയാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി (Madras high court). തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴുവയസുകാരിയെ (Child Rape) ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 26 വയസുകാരന്‍റെ വധശിക്ഷ (Death Sentence) ശരിവച്ചുകൊണ്ടാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിനോട് (Adolf Hitler) ഉപമിച്ചാണ് ഇരുപത്തിയാറുകാരന്‍റെ വധശിക്ഷ കുറയ്ക്കുന്നില്ലെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥനും ജസ്റ്റിസ് ജി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദമാക്കിയത്. ശിക്ഷ ജീവപരന്ത്യമാക്കി കുറയ്ക്കണമെന്നായിരുന്നു കോടതിയുടെ മുന്നിലെത്തിയ അപേക്ഷ.

2020 ജൂണ്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സമിവേല്‍ എന്നറിയപ്പെടുന്ന രാജ വീടിനടുത്തുള്ള ദളിത് വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. ജനവാസമില്ലാത്ത ഇടത്തേക്ക് ഏഴുവയസുകാരിയെ എത്തിച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഗുരുതര പരിക്കുകളേറ്റ പെണ്‍കുട്ടി അക്രമിച്ചത് ആരാണെന്ന് പുറത്തുപറയുമെന്ന ഭയത്തില്‍ സമീപത്തുള്ള മരത്തില്‍ പെണ്‍കുട്ടിയുടെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ മുഖവും കഴുത്തു കുത്തിക്കീറിയ ശേഷം സമീപത്തുള്ള കുളത്തില്‍  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുളം വരണ്ടു കിടന്നതിനാല്‍ കുറ്റിച്ചെടികളും കല്ലുകളും കൊണ്ട് മൃതദേഹം മറയ്ക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

കുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ വിചാരണക്കോടതി പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണമെന്ന ആവശ്യവുമായാണ് പ്രതിഭാഗം വിചാരണക്കോടതിയുടെ വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തുടക്കത്തില്‍ വധശിക്ഷ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വിശദമാക്കിയ കോടതി ഈ കേസില്‍ പ്രതി ചെയ്ത ക്രൂരത കണക്കിലെടുത്താണ് വധശിക്ഷ ശരിവച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില് മരണത്തിന് ശേഷം ഏഴുവയസുകാരി നേരിടേണ്ടി വന്ന ക്രൂരതകളേക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ശിക്ഷ കുറയ്ക്കാനാവില്ലെന്ന നിലപാട്  കോടതി സ്വീകരിച്ചത്. എല്ലാവരുടെയും മനസ്സിൽ ഒരു നുണയനും വഞ്ചകനും പാപിയും ഉണ്ടെന്നും ഒരു മനുഷ്യനെ അവന്റെ ബാഹ്യരൂപം കൊണ്ട് വിലയിരുത്താൻ കഴിയില്ലെന്നും കോടതി വിശദമാക്കി.

സസ്യാഹാരിയും മൃഗങ്ങള്‍ക്കെതിരായ അക്രമം എതിര്‍ക്കുകയും ചെയ്തിരുന്ന അഡോള്‍ഫ് ഹിറ്റ്ലറാണ് ഏകദേശം 80ലക്ഷം ആളുകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് കോടതി വിധിപ്രഖ്യാപനത്തിനിടെ വിശദമാക്കി. കേസില്‍ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഇളവ് നല്‍കുന്നത് അത് സഹതടവുകാരുടെ മനസിനെ മലിനമാക്കാനേ സഹായിക്കൂവെന്നും കോടതി വ്യക്തമാക്കി. മനുഷ്യന്റെ മനോഭാവം മറ്റ് ജീവികളോട് കരുണയില്ലാത്ത മൃഗത്തിന്റെ മനോഭാവമായി മാറുമ്പോൾ, അവനെ ശിക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വിലയിരുത്തി. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്