
തിരുവല്ല: കുട്ടികൾക്ക് ചിത്രം വരയ്ക്കാൻ സ്വന്തം നഗ്നശരീരം നൽകി, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകന്റെ പരാതിയിൽ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായമാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീരപ്രദർശനം നടത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നാണ് പരാതി.
സ്വന്തം നഗ്നശരീരം മക്കൾക്ക് ചിത്രംവരയ്ക്കാൻ വിട്ടുനൽകിയതിന്റെ ദൃശ്യങ്ങൾ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെടുന്നു.
എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുന്നതും, അത് പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അഭിഭാഷകൻ എ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേവലം പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നൽകിയതെന്ന് അരുൺ പ്രകാശ് പറഞ്ഞു.
ജുവനൈയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതായാണ് വിവരം. നടപടിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചാൽ തുടർനടപടികൾക്കായി കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ അരുൺ പ്രകാശ് വ്യക്തമാക്കി.
നേരത്തെ, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രഹ്ന ഉയർത്തിയ വിവാദങ്ങൾ സ്ഥാപനത്തിന്റെ സൽപേരിനെ ദോഷകരമായി ബാധിച്ചെന്ന് ആരോപിച്ച് രണ്ടുമാസം മുമ്പ് ബിഎസ്എൻഎൽ രഹ്നയെ സർവ്വിസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam